Site iconSite icon Janayugom Online

കോവാക്സിനില്‍ വീണ്ടും വിവാദം; കുട്ടികളില്‍ ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിട്ടില്ല

രാജ്യത്ത് കൗമാരപ്രായക്കാര്‍ക്കുള്ള വാക്സിനേഷനെച്ചൊല്ലി വീണ്ടും വിവാദം. 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് നല്‍കുന്നത് കാലാവധി കഴിഞ്ഞ ഡോസുകളാണെന്ന വാര്‍ത്തകളുടെ ചൂടാറും മുമ്പാണ് കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കുന്ന കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്ന് ഔദ്യോഗിക രേഖകളിലൂടെ വ്യക്തമാകുന്നു. കോവാക്സിന്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന് മാത്രമാണ് ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കിയിട്ടുള്ളത്.

ഇതിന് വിരുദ്ധമായാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അവകാശവാദം. ഡിസംബര്‍ 27ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്, 15 മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള ഏക വാക്സിന്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിനാണെന്നാണ്. പക്ഷെ, കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയ പട്ടികയില്‍ കോവാക്സിന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന നവംബറില്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നതായാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകാരോഗ്യ സംഘടനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും ഇതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ ഭാരത് ബയോടെക് വക്താവ് അറിയിച്ചിരിക്കുന്നതെന്നും ദ പ്രിന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഉപയോഗത്തിനായി രണ്ട് കോവിഡ് വാക്സിനുകളാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കിയിട്ടുള്ളത്. അതില്‍ കോവാക്സിന്‍ മാത്രമാണ് ഇപ്പോള്‍ 15–18 പ്രായപരിധിയിലുള്ളവര്‍ക്ക് ഉപയോഗിക്കുന്നതിനായി നല്‍കുന്നത്.

അടിയന്തര ഉപയോഗത്തിനുള്ള നടപടിക്രമങ്ങള്‍

വാക്സിന്റെ ഗുണനിലവാരവും സുരക്ഷയും ഫലവും ഉള്‍പ്പെടെ പരിശോധിച്ചതിനുശേഷമാണ് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കുന്നത്. ഇതിനായി, ഉല്പാദക കമ്പനികള്‍ വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഗുണനിലവാരവും സുരക്ഷയും കാര്യക്ഷമതയും ഉള്‍പ്പെടെ തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനെക്കുറിച്ചും പുതിയ വിവരങ്ങള്‍ ഡബ്ല്യുഎച്ച്ഒയ്ക്ക് അതാത് സമയങ്ങളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുമുള്ള പദ്ധതിയും ഉല്പാദകര്‍ നല്‍കണം. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ഫോര്‍മുലയിലുള്ള വാക്സിന്‍ തന്നെയാണ് കൗമാരപ്രായക്കാര്‍ക്കും നല്‍കുന്നതെങ്കിലും രണ്ടിനും പ്രത്യേകം പരിശോധനകള്‍ നടത്തി മാത്രമെ ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കുകയുള്ളൂ.

ENGLISH SUMMARY:Controversy over Cov­ax­in; Not approved by WHO for use in children
You may also like this video

Exit mobile version