Site iconSite icon Janayugom Online

സീറ്റ് നിർണ്ണയത്തെ ചൊല്ലി തര്‍ക്കം; എറണാകുളത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ മൂന്നുപേർ രാജിവെച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി എറണാകുളത്തെ കോൺഗ്രസ്സിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, മണ്ഡലം സെക്രട്ടറി, ബൂത്ത് സെക്രട്ടറി എന്നിവരുൾപ്പെടെ മൂന്ന് പേരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. പൊന്നുരുന്നി 44-ാം ഡിവിഷനിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് രാജി. രണ്ട് തവണ പരാജയപ്പെട്ട ആൾക്ക് തന്നെ സീറ്റ് വീണ്ടും നൽകിയെന്നും അർഹതപ്പെട്ടവരെ പരിഗണിച്ചില്ലെന്നും രാജിവെച്ച വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ എൻ സജീവൻ പറഞ്ഞു. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിയാണ് പരാജയം ചോദിച്ചുവാങ്ങുന്നതെന്ന് എ എൻ സജീവൻ കുറ്റപ്പെടുത്തി. തോറ്റ സ്ഥാനാർത്ഥിയെ വീണ്ടും നിർത്തണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ കെ ബാബു എം എൽ എ, ഉമ തോമസ് എം എൽ എ എന്നിവരാണെന്നും അദ്ദേഹം ആരോപിച്ചു. 

അതേസമയം, കൊച്ചി കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കൊച്ചിയിലെ ആകെ 76 സീറ്റിൽ 65 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ 40 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ദീപ്തി മേരി വർഗീസ്, കോർപ്പറേഷൻ മുൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ എന്നിവർ ആദ്യഘട്ട പട്ടികയിൽ ഇടം നേടി. എന്നാൽ മുൻ മേയർ സൗമിനി ജയിൻ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. രണ്ടാംഘട്ട പട്ടികയിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ പ്രതീക്ഷിക്കാമെന്ന് ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു.

Exit mobile version