രാജ്യത്ത് ഒമിക്രോണിനൊപ്പം , കോവിഡ് കേസുകളും കുത്തനെ ഉയരുന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 16,700 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 220 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ഒമ്പത് മെട്രോ നഗരങ്ങളിലാണ് വൻ വർധനയുണ്ടായത്. മുംബൈ, ഡല്‍ഹി, കൊൽക്കത്ത, ബംഗ്ലുരു, പൂനെ, നാസിക് തുടങ്ങിയ നഗരങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ കോവിഡ് തരംഗത്തിന്റ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ മരണനിരക്ക് താരതമ്യേനെ കുറവാണെന്നത് മാത്രമാണ് ആശ്വാസകരം.
ഒമിക്രോൺ കേസുകളും രാജ്യത്ത് ഉയരുകയാണ്. ഇന്ന് 1270 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും മുംബൈയിലുമാണ് ഒമിക്രോൺ വ്യാപനം കൂടുതൽ. മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ ഗുരുതരമായതോടെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. വിവാഹങ്ങൾക്ക് 50 പേരെ മാത്രം അനുവദിക്കും. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ മരണം ഇന്നലെ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഒമിക്രോൺ വ്യാപന തോത് കൂടിയതാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഡല്‍ഹിക്കും ഏഴ് സംസ്ഥാനങ്ങൾക്കും വീണ്ടും ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങളിൽ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണമേർപ്പെടുത്തി.
english summary; covid cases are rise in country
you may also like this video;