Site icon Janayugom Online

കോവിഡ് കണക്ക് ചോദിച്ച കേന്ദ്ര നിലപാട് മറ്റെന്തോ മറച്ചുവയ്ക്കാനെന്ന് വീണാജോര്‍ജ്ജ്

സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണം പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര ജോയിന്റ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ലഭിക്കും മുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. സംസ്ഥാനം കോവിഡ് കണക്കുകള്‍ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നല്‍കിയിരുന്നു. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങള്‍ അറ്റാച്ച് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കണക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എപ്രില്‍ പത്തിനാണ് സംസ്ഥാനം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ്. എങ്കിലും കോവിഡ് ഡേറ്റ കൃത്യമായി ശേഖരിച്ച് വയ്ക്കുകയും കേന്ദ്രത്തിന് കണക്കയയ്ക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ദിവസേനയുള്ള കണക്കുകള്‍ വീണ്ടും പ്രസിദ്ധപ്പെടുത്തുന്നതാണ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 200നോടുത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 209 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണവും കൂടിയിട്ടില്ല. അപ്പീല്‍ മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം പരിഗണിക്കുന്നതിനാലാണ് മരണങ്ങള്‍ കോവിഡ് കണക്കില്‍ വരുന്നത്. സംസ്ഥാനം കൃത്യമായ രീതിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ശ്രദ്ധിക്കുന്നുണ്ട്. കോവിഡിനോടൊപ്പം ജീവിേക്കണ്ടതുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കോവിഡ് നല്ല രീതിയില്‍ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കോവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാള്‍

 

പ്രതിദിന കണക്കുകൾ പ്രസിദ്ധികരിക്കാത്തത് രാജ്യത്തെ ആകെ കണക്കുകളെ ബാധിക്കുന്നുവെന്നും ആയതിനാൽ നിർദേശം കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര മന്ത്രാലയം കത്തയച്ചത്. കോവിഡ് കേസുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. ഏപ്രിൽ13 നു ശേഷം 18 നാണ് കേരളം കണക്ക് പുറത്തുവിട്ടത്. 13 ന് 298 കേസുകൾ ആണ് ഉണ്ടായിരുന്നത്. 18 ന് അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ചാക്കി 940 എന്നനിലയിലാണ് പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്തെ ടിപിആര്‍ നിരക്കിനെ അടക്കം ബാധിച്ചുവെന്നാണ് ആരോപണം.

കോവിഡ് മൂലമുള്ള ആഗോള മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ തടസം നില്ക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴി‍ഞ്ഞ ദിവസം വ്യക്തമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഞായറാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,751 ആണ്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ നാല് മടങ്ങിലേറെയാണെന്ന് ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് സാങ്കേതിക ഉപദേശക ഗ്രൂപ്പിനെ ഉദ്ധരിച്ച് വാഷിങ്ടൺ ആസ്ഥാനമായ ‘ഡെവെക്സ്’ റിപ്പോർട്ട് ചെയ്തു. ഇതുകാരണമാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ വൈകിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. 2021 അവസാനത്തോടെ കോവിഡ് മൂലം ലോകമെമ്പാടും ഏകദേശം 150 ലക്ഷം ആളുകൾ മരിച്ചുവെന്നാണ് ഇതുവരെ പുറത്തുവിടാത്ത റിപ്പോർട്ടിലുള്ളതെന്ന് ‘ഡെവെക്സ്’ പറയുന്നു. രാജ്യങ്ങൾ സ്വന്തമായി റിപ്പോർട്ട് ചെയ്ത 60 ലക്ഷത്തിന്റെ ഇരട്ടിയിലധികമാണിത്. അധികം വരുന്ന 90 ലക്ഷം മരണങ്ങളിൽ മൂന്നിലൊന്ന് ഇന്ത്യയിൽ സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിൽ കോവിഡ് മരണങ്ങളുടെ എണ്ണം കുറഞ്ഞത് 40 ലക്ഷമെങ്കിലും വരുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കേരളത്തിനെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

 

 

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധന 90 ശതമാനമാണ്. കേരളത്തിന്റെ കണക്കുപോലും ഇല്ലാതിരിക്കെ, കഴിഞ്ഞ ദിവസം 1150 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കിൽ പുതിയ കണക്ക് പ്രകാരം 2183 ആയി ഉയര്‍ന്നിരുന്നു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 4,30,44,280 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പ്രതിദിന രോഗവ്യാപന തോത് 0.31 ൽ നിന്ന് 0.83 ലേക്ക് എത്തി. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 25 ദിവസത്തിടെയുള്ള ഉയർന്ന നിരക്കിൽ എത്തി. 517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 4.21 ശതമാനമാണ് രോഗവ്യാപന തോത്. പുതിയ കണക്ക് പ്രകാരം 11,542 പേരാണ് രാജ്യത്താകെ ചികിത്സയിൽ തുടരുന്നത്. ദിവസേന റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും നേരിയ വർധനവ് ഉണ്ട്. 214 പേരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽനിന്ന് 0.83 ശതമാനമായി ഉയർന്നു. നിലവിൽ 11,542 പേർക്കാണ് രോഗമുള്ളത്. ഡൽഹിയിൽ ഇന്നല 517 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 1518 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നത്. സ്ഥിഗതികൾ വിലയിരുത്താൻ 20 ന് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

Exit mobile version