Site icon Janayugom Online

കോവിഡ് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിച്ചു; സർവേ റിപ്പോർട്ട്

കോവിഡ് വ്യാപനം അടിസ്ഥാനവർഗ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തെ രൂക്ഷമായി ബാധിച്ചെന്ന് സര്‍വേ ഫലങ്ങള്‍. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 1400 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയിലാണ് രാജ്യത്തെ പിന്നാക്ക വിഭാഗക്കാരയ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കോവിഡ് വ്യാപനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങളുളളത്. കോവിഡ് വ്യാപനത്തിന് ശേഷം 17 മാസത്തോളമായി സ്കുളുകള്‍ അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഓഫ്‍ലെെന്‍ ക്ലാസുകള്‍ പുനാരാംഭിച്ചിരുന്നു. എന്നാല്‍ ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഴയപടി ക്ലാസുകള്‍ പുനരാരംഭിക്കാത്തതിന്റെ ആശങ്കയിലാണ് 97 ശതമാനം രക്ഷിതാക്കളുമെന്നും സര്‍വേയില്‍ പറയുന്നു. സ്കുളുകള്‍ തുറന്നുള്ള ക്ലാസുകളാണ് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ രക്ഷിതാക്കളുടെ പ്രധാന ആവശ്യം.

 


ഇതുകൂടി വായിക്കു:ഓൺലൈൻ ക്ലാസ്സുകളും കുട്ടികളുടെ ആരോഗ്യവും


 

സാമ്പത്തിക വിദഗ്ധരായ ജീൻ ഡ്രെസും റീതിക ഖേരയും ഗവേഷകനായ വിപുൽ പൈക്രയും ചേര്‍‍ന്ന് നൂറോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ ഭാഗമായി നടത്തിയ ലളിതമായ വായനാ പരീക്ഷയുടെ ഫലങ്ങൾ ഗൗരവമുളളതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളിൽ പകുതിയോളം പേർക്കും കുറച്ച് വാക്കുകളാണ് വായിക്കാന്‍ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്ഡൗണ്‍ കാലയളവില്‍ കുട്ടികളുടെ വായനാശീലങ്ങള്‍ കുറഞ്ഞുവെന്നാണ് രക്ഷിതാക്കളും പറയുന്നത്. ഓണ്‍ലെെന്‍ ക്ലാസുകളില്‍ എട്ട് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് സ്ഥിരമായി പങ്കെടുക്കാന്‍ കഴിയുന്നത്.

ക്ലാസിനാവശ്യമായ സ്മാര്‍ട്ട്ഫോണ്‍,ഇന്റര്‍നെറ്റ് എന്നിവ ലഭ്യമാക്കുന്നത് തന്നെ രക്ഷിതാക്കള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. ഓണ്‍ലെെനായി ക്ലാസുകള്‍ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പഠനം പിന്തുടരാനുകുമോ എന്ന ആശങ്കയാണ് ഭൂരിഭാഗം രക്ഷിതാക്കള്‍ക്കുമുള്ളത്. സ്മാർട്ട്‌ഫോൺ സൗകര്യം ലഭ്യമാകുന്ന വീടുകളില്‍ പോലും ഓൺലൈന്‍ ക്ലാസുകളില്‍ സ്ഥിരമായി ഹാജരാകുന്ന കുട്ടികള്‍ നഗരപ്രദേശങ്ങളിൽ 31 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 15 ശതമാനവുമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 


ഇതുകൂടി വായിക്കു:ഓൺലൈൻ ക്ലാസ്: വിദ്യാർത്ഥികൾക്കുള്ള മൊബൈൽഫോൺ വായ്പക്ക് ആർബിഐ സ്റ്റേ


 

അസം, ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഓണ്‍ലെെന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ അധ്യാപകരോട് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കുട്ടികൾക്ക് ഗൃഹപാഠങ്ങള്‍ നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ശ്രമങ്ങളിൽ ഭൂരിഭാഗം ഫലങ്ങളും തൃപ്തികരമല്ലെന്നും റിപ്പോർട്ട് പറയുന്നു.

ഓണ്‍ലെെന്‍ ക്ലാസുകളിലെ സ്റ്റഡി മെറ്റീരിയലുകള്‍ പല സ്കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ല. ഇതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കും അറിയില്ല. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലെെന്‍ ക്ലാസുകളില്‍ ക‍ൃത്യമായി ശ്രദ്ധിക്കാനോ, ഭുരിഭാഗം പേര്‍ക്കും ക്ലാസുകളെക്കുറിച്ച് ധാരണയില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഓണ്‍ലെെന്‍ ക്ലാസുകളുടെ ഫളപ്രാപ്തിക്കപ്പുറമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളാണ് രാജ്യത്തെ അടിസ്ഥാന വര്‍ഗവും പിന്നാക്കകാരുമായ വിദ്യാര്‍ത്ഥികള്‍ നേരിടുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:covid has seri­ous­ly affect­ed the edu­ca­tion of the back­ward class­es in the country
You may also like this video

Exit mobile version