Site icon Janayugom Online

ഇന്ത്യയില്‍ 19 വയസുവരെയുള്ളവരിൽ കോവിഡ് ബാധ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തല്‍

ഇന്ത്യയില്‍ 19 വയസുവരെയുള്ളവരിലും സ്ത്രീകളിലും കോവിഡ് രോഗബാധ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തല്‍. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ മരണനിരക്കും വാക്സിന്‍ സ്വീകരിച്ചവരിലുള്ള രോഗബാധയും മറ്റുള്ളവരെക്കാള്‍ കൂടുതലാണെന്നും പുതിയ പഠനത്തില്‍ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ പ്രതിവാര അവലോകനത്തിലാണ് ആശങ്കയുയര്‍ത്തുന്ന വസ്തുതകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 9,500 കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് നവജാത ശിശുക്കൾ മുതല്‍ 19 വയസു വരെയുള്ള വിഭാഗത്തിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും രോഗബാധ വര്‍ധിക്കുന്നുവെന്നും, ബി.1 വൈറസിനെ അപേക്ഷിച്ച് ഡെല്‍റ്റ വകഭേദത്തില്‍ മരണനിരക്കും വാക്സിനെടുത്തവരിലുള്ള തുടര്‍രോഗബാധ കൂടുതലാണെന്നും കണ്ടെത്തിയിരിക്കുന്നത്. 

ലോകത്ത്, ഓഗസ്റ്റ് മാസം മുതല്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ പ്രതിവാരനിരക്കും മരണങ്ങളും കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയുള്ള ആഴ്ചയില്‍ ആകെ 31 ലക്ഷം രോഗബാധയും 54,000ലധികം കോവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 23.4 കോടി കവിഞ്ഞു. കോവിഡ് മരണങ്ങള്‍ 48 ലക്ഷത്തില്‍ താഴെയാണ്. 

കഴിഞ്ഞ ആഴ്ചയെക്കാള്‍ പുതിയ കോവിഡ് രോഗികളില്‍ ഒമ്പത് ശതമാനത്തിന്റെ കുറവാണ് ഈയാഴ്ചയുണ്ടായിരിക്കുന്നത്. യൂറോപ്യന്‍ മേഖല ഒഴികെയുള്ള ഇടങ്ങളിലെല്ലാം പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവാണ് ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഏറ്റവുധികം രോഗബാധ കുറവുണ്ടായിരിക്കുന്നത് ആഫ്രിക്കന്‍ മേഖലയിലാണ്. പുതിയ കണക്കനുസരിച്ച് 43 ശതമാനത്തോളം കുറവാണ് കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ഇവിടെ ഉണ്ടായിരിക്കുന്നത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ 21 ശതമാനത്തിന്റെയും സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ 19 ശതമാനത്തിന്റെയും അമേരിക്കയില്‍ 12 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അമേരിക്കയിലും യൂറോപ്പിലും ഒഴികെയുള്ള മേഖലകളില്‍ കോവിഡ് മരണങ്ങളിലും പത്ത് ശതമാനത്തിലധികം കുറവുണ്ടായിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആഫ്രിക്കയില്‍ 25 ശതമാനമാണ് കോവിഡ് മരണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ കുറവുണ്ടായത്.
യുഎസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 7,60,571 പേര്‍. യുകെയില്‍ 2,39,781, തുര്‍ക്കിയില്‍ 1,97,277, റഷ്യയില്‍ 1,65,623, ഇന്ത്യയില്‍ 1,61,158 എന്നിങ്ങനെയാണ് ഈയാഴ്ചയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. ഇന്ത്യയില്‍ കഴിഞ്ഞയാഴ്ചയെക്കാള്‍ 21 ശതമാനത്തിന്റെ കുറവാണ് പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 

Eng­lish Sum­ma­ry : covid spread­ing increas­es among those till 19 years of age in india

You may also like this video :

Exit mobile version