Site iconSite icon Janayugom Online

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഒരാളില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗബാധ

രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി ആര്‍ വാല്യുവില്‍ കുതിപ്പ്. ഡല്‍ഹിയിലെ പ്രതിവാര ആര്‍ വാല്യു 2.1 ആണ്. ഒരാളില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗം പകരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഐഐടി മദ്രാസിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് അണുബാധ ഉണ്ടാകുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ആര്‍ വാല്യു. ഈ നിരക്ക് ഒന്നില്‍ താഴെയായാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കണക്കാക്കാനാകൂ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1042 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 3253 ആയി ഉയര്‍ന്നു. രോഗവ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50 ശതമാനവുമാണ്. ആര്‍ വാല്യു 1.3. 33 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,22,149 ആയി ഉയര്‍ന്നു.

അതേസമയം കോവിഡ് ക്ലസ്റ്ററായ മദ്രാസ് ഐഐടിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം 25 പുതിയ കേസുകളാണ് ഐഐടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Eng­lish summary;covid spreads sharply in Delhi

You may also like this video;

Exit mobile version