Site iconSite icon Janayugom Online

സിപിഐ എറണാകുളം, കോഴിക്കോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന്‌ തുടക്കം

സിപിഐ എറണാകുളം, കോഴിക്കോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കോതമംഗലത്ത് നടക്കുന്ന എറണാകുളം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10 ന്‌ കല ഓഡിറ്റോറിയത്തില്‍ (പി രാജു നഗർ) പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ, മന്ത്രി ജെ ചിഞ്ചുറാണി, പി പി സുനീർ എംപി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം നാളെയും തുടരും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ, ആർ രാജേന്ദ്രൻ എന്നിവർ സംസാരിക്കും. 

26 ന് വൈകിട്ട് 4 ന് കോതമംഗലം മാർ ബേസിൽ സ്റ്റേഡിയത്തിൽ നിന്നും ചുവപ്പ് സേന പരേഡും വനിതാ റാലിയും നടക്കും. തങ്കളം മൈതാനിയിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് 22, 23 തീയതികളിലെ സമ്മേളന പരിപാടികൾ മാറ്റിയിരുന്നു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരം കല്ലാച്ചിയിൽ രാവിലെ പത്തിന് എം നാരായണൻ മാസ്റ്റർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ ജി പങ്കജാക്ഷൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നാളെയും തുടരും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ തുടങ്ങിയവർ സംസാരിക്കും. 

26 ന് കല്ലാച്ചി-വടകര റോഡിലെ മാരാംകണ്ടി ഗ്രൗണ്ടിൽ ഒരുക്കിയ കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പൊതു സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി വി ബാലൻ, അഡ്വ. പി വസന്തം തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തിന്റെ ഭാഗമായ പതാക, കൊടിമര ജാഥകൾ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കുകയും വോളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും 26 ലേക്ക് മാറ്റുകയുമായിരുന്നു. 

Exit mobile version