Site icon Janayugom Online

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്; നിലപാടുകളുടെ ശരിയും സുവ്യക്തതയും

ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുന്ന സിപിഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങള്‍ രാജ്യത്താകെ പാര്‍ട്ടിയുടെ വളര്‍ച്ചയും നിലപാടുകളുടെ കരുത്തും പ്രകടിപ്പിച്ച് മുന്നേറുന്നു. ബ്രാഞ്ച്, മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സംസ്ഥാന സമ്മേളനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

മാധ്യമങ്ങളുടെ കണക്കു പുസ്തകത്തില്‍ ചെറുതെന്ന ഗണനയും കൊച്ചുപാര്‍ട്ടിയെന്ന എതിരാളികളുടെ പരിഹാസവും ഒക്കെയുണ്ടെങ്കിലും ജനകീയ പോരാട്ടങ്ങളുടെയും അംഗബലത്തിന്റെയും സംഘടനാ സംവിധാനക്കരുത്തിന്റെയും അടിക്കരുത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിലക്കൊള്ളുന്ന പാര്‍ട്ടിയാണെന്ന വിളബരമാണ് വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ഘടകസമ്മേളനങ്ങള്‍ വിളിച്ചോതുന്നത്.

 

 

നാലുവര്‍ഷക്കാലത്തിനിടെയുള്ള പോരാട്ടങ്ങളുടെയും നിലപാടുകളുടെയും സംഘടനാ സംവിധാനങ്ങളുടെയും കണക്കെടുപ്പില്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും അടിത്തറ വിപുലപ്പെട്ട പാര്‍ട്ടിയാണ് സിപിഐ എന്ന് വ്യക്തമാകുന്നു. കര്‍ണാടകയിലും തെലങ്കാനയിലും ആന്ധ്രപ്രദേശിലും മണിപ്പൂരിലും ബിഹാറിലും യുപിയിലും വംഗനാട്ടിലും ത്രിപുരയിലും ലക്ഷദ്വീപിലും തമിഴ്നാട്ടിലും മധ്യപ്രദേശിലും ഭൂമിക്കും വീടിനും വേണ്ടിയുള്ള പ്രക്ഷോഭ ജനതയുടെ മുന്നില്‍ പാറിയത് സിപിഐയുടെ ചെങ്കാടിയായിരുന്നു. കര്‍ണാടകയിലെ എല്ലാ ജില്ലകളെയും തൊട്ടുണര്‍ത്തിയാണ് സിപിഐയുടെ ഭവന രഹിതര്‍ക്കു വീടെന്ന മുദ്രാവാക്യവുമായുള്ള ജാഥകള്‍ സഞ്ചരിച്ചത്. ആന്ധ്രയിലും തെലങ്കാനയിലും വിവിധ കേന്ദ്രങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഭൂമി പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. ആരും കടന്നെത്തരുതെന്ന് ആക്രോശിച്ച് ആദിത്യനാഥ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ, അത് ലംഘിച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാത്രാസിലേയ്ക്ക് ആദ്യമെത്തിയ സംഘം ചെങ്കൊടിയേന്തിയ സിപിഐക്കാരുടേതയിരുന്നു. അങ്ങനെയങ്ങനെ ചെറുതെന്നാണ് മുതലാളിത്ത മാധ്യമങ്ങള്‍ പേരിട്ടതെങ്കിലും വലിയ പോരാട്ടങ്ങലുടെയും പ്രക്ഷോഭങ്ങളുടെയും നേതൃത്വവും ചാലക ശക്തിയുമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ഒക്ടോബറില്‍ വിജയവാഡയില്‍ ചേരുന്നത്. അധികാര ശക്തികളുടെ മര്‍ദനോപാധികളും ഗുണ്ടകളുടെ ആക്രമണങ്ങളും നേരിട്ടാണ് പാര്‍ട്ടി പലയിടത്തും പ്രവര്‍ത്തിക്കുന്നത്. എങ്കിലും പതറാതെയാണ് മുന്നോട്ടുപോക്ക്. ബിഹാറില്‍ ഇക്കാലയളവിനിടയില്‍ രണ്ടു ഡസനോളം വിദ്യാര്‍ത്ഥി നേതാക്കളാണ് ജയിലിലായത്.

 

 

ഇങ്ങു കേരളത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2018ല്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ 11000ത്തോളമായിരുന്നു ബ്രാഞ്ടുകളുടെ എണ്ണമെങ്കില്‍ ഇപ്പോഴത് 17000ആയിരിക്കുന്നു. അംഗസംഖ്യ നാലു കൊല്ലം കൊണ്ട് 1,30,000ത്തില്‍ നിന്ന് 1,77,000മായി വര്‍ധിച്ചു. പുതിയ ഗ്രാമങ്ങളിലും നഗരങ്ങലിലും ചെഹ്കൊടിയുടെ പ്രസ്ഥാനം സിപിഐ വ്യാപിച്ചു കയറിയതിന്റെ അനുഭവങ്ങലുമായാണ് പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുവാന്‍ പോകുന്നത്.

 

 

കേരളത്തില്‍ അഞ്ചു മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടരിമാര്‍ വനികളാണെന്ന മറ്റാര്‍ക്കും അവകാശപ്പൊനില്ലാത്ത പ്രത്യേകത ഈ പാര്‍ട്ടിക്കാണ്. ഇടുക്കി ശാന്തമ്പാറ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാം വട്ടമാണ് കെ സി ആലീസ് സെക്രട്ടരിയായത്. കണ്ണൂര്‍ മണ്ഡലത്തില്‍ കെ എം സപ്ന, ഇവിടെ നേരത്തേ സെക്രട്ടരിയായിരുന്നത് മഹിളാ നേതാവ് എന്‍ ഉഷയായിരുന്നു. തലസ്ഥാന ജില്ലയില്‍ തലസ്ഥാന മണ്ഡലത്തില്‍ രാഖി രവികുമാര്‍, മലപ്പുറം പെരിന്തല്‍ മണ്ണയില്‍ പ്രമീള, പാലക്കാട് ഒറ്റപ്പാലത്ത് എ പ്രഭാവതി എന്നിവരാണ് മണ്ഡലം സെക്രട്ടരിമാരായ മഹിളാ സഖാക്കള്‍.

 

 

നൂറുകണക്കിനു ബ്രാഞ്ചുകളുടെ സെക്രട്ടറിമാരും അസിസ്റ്റന്റ് സെക്രട്ടറിമാരുമായി മഹിളാസഖാക്കള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുപത് വയസില്‍ താഴെ പ്രായമുള്ള നൂറോളം ബ്രാഞ്ച് സെക്ര‍ട്ടറിമാരുമുണ്ട്. കര്‍ണാടകയില്‍ കുഡ്‌ലിഗി താലൂക്ക് കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടരിയായത് പല്ലവി പാലമ്മയെന്ന ട്രാന്‍സ് ജെന്‍ഡറാണ്. ഇവിടെ താലൂക്ക് സമ്മേളൻത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് 15 പേരാണ് പ്രതിനിധികളായത്. നാലുപേര്‍ താലൂക്ക് കമ്മിറ്റി അംഗങ്ങളുമാണ്. വേറിട്ട രാഷ്ട്രീയാനുഭവവുമായാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങല്‍ നടക്കുന്നത്. നിലപാടുകളുടെ ശരിയും സുവ്യക്തതയും ത്യാഗസന്നദ്ധതയും അടിത്തറയൊരുക്കിയ മണ്ണിലാണ് സിപിഐ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനമാണ് ഓരോ സമ്മേളനങ്ങളുടെയും ബാക്കി പത്രം.

Exit mobile version