Site iconSite icon Janayugom Online

പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 25 വരെ നീളുന്ന പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നാമധേയത്തിലുള്ള പ്രധാന ഹാളിലെ സുധാകര്‍ റെഡ്ഡി നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ഭുപീന്ദര്‍ സാംബര്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. അനശ്വര രക്തസാക്ഷി ഭഗത് സിങ്ങിന്റെ അനന്തരവന്‍ പ്രൊഫ. ജഗ്മോഹന്‍ സിങ് ദേശീയ പതാകയുയര്‍ത്തും.

ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎല്‍ ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്യും.

ഉച്ചകഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും.
വൈകിട്ട് 4.45ന് ക്യൂബന്‍, പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അംബാസഡര്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിക്കും.
നാളെ സമ്മേളനത്തില്‍ രാഷ്ട്രീയ പ്രമേത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തീകരിച്ച് സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ആരംഭിക്കും. വൈകിട്ട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ആരംഭിക്കും. 24ന് രാഷ്ട്രീയ പ്രമേയം, സംഘടന, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടുകളിന്മേല്‍ വിവിധ കമ്മിഷനുകളായി തിരിഞ്ഞുള്ള ചര്‍ച്ച നടക്കും.

25ന് കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. എല്ലാ റിപ്പോര്‍ട്ടുകളും അംഗീകരിച്ച ശേഷം ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുക്കും. പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ്കള്‍ക്കുശേഷം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകും. 25 വരെ എല്ലാ ദിവസവും കലാ സാംസ്കാരിക പരിപാടികളുണ്ടാകും.

Exit mobile version