Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; ദീപശിഖ പ്രയാണത്തിന് ഉജ്ജ്വല വരവേൽപ്പ്

ഐതിഹാസികമായ പുന്നപ്ര- വയലാർ സമരത്തിന്റെ സ്മരണകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വാനിലുയർന്നു പാറിയ ചെമ്പതാകകളെ സാക്ഷിയാക്കിക്കൊണ്ട് നൂറുകണക്കിന് പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആരംഭിച്ചു. സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, ജാഥാ ക്യാപ്റ്റൻ എൻ അരുൺ എന്നിവർ സംസാരിച്ചു. വൈസ് ക്യാപ്റ്റൻ വിനിത വിൻസെൻ്റ്, ജാഥാംഗങ്ങളായ വി ദർഷിത്
ഡയറക്ടർ ബിബിൻ എബ്രഹാം, കെ ഷാജഹാൻ, വി പി ഐ മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ചെങ്കനലായി കത്തിജ്വലിച്ച ദീപശിഖ ഇ ചന്ദ്രശേഖരനിൽ നിന്നും ജാഥ ക്യാപ്റ്റൻ എൻ അരുൺ ഏറ്റുവാങ്ങി. 

ചേർത്തല കെ എസ് ആർടിസി സ്റ്റാൻ്റ്, പതിനൊന്നാം മൈൽ, ചേർത്തല എസ് എൻ കോളജ്, മാരാരിക്കുളം പാലം, കലവൂർ, പാതിരാപ്പിള്ളി, കൊമ്മാടി, ശവ കോട്ട പാലം, കളക്ട്രേറ്റ് ജംക്ഷൻ, പുലയൻ വഴി എന്നിവിടങ്ങളിൽ പാതയോരങ്ങളിൽ കാത്തു നിന്ന നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രവർത്തകർ ദീപശിഖയുമായി കടന്നു വന്നവരെയും അകമ്പടി സേവിച്ച വാഹനങ്ങളെയും വരവേറ്റു. ഇന്ന് രാവിലെ 9 മണിക്ക് വലിയ ചുടുകാട്ടിൽ നിന്നും നൂറു വനിത അത്‌ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖ പ്രയാണം തുടരും. രാവിലെ 10 ന് പ്രതിനിധി സമ്മേളന നഗറിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും.

Exit mobile version