Site iconSite icon Janayugom Online

കള്ള് ചെത്ത് വ്യവസായം നേരിടുന്ന പ്രതിസന്ധിയും പരിഹാര മാർഗ്ഗങ്ങളും: എഐടിയുസി ശില്പശാലക്ക് തുടക്കമായി

കള്ള് ചെത്ത് വ്യവസായം നേരിടുന്ന പ്രതിസന്ധിയും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ കൊച്ചി സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ (എഐടിയുസി)യുടെയും മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി)യുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന ശില്പശാലക്ക് എറണാകുളത്ത് തുടക്കമായി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പരമ്പരാഗത തൊഴിൽ മേഖലയുടെ സംരംക്ഷണത്തിന് സർക്കാർ പ്രഥമ പരിഗണന നൽകണമെന്നും കള്ള് ഉല്പാദനവും വ്യവസായവും സംരക്ഷിക്കപ്പെടുന്നതിന് കള്ള് വ്യവസായത്തിന് മാത്രമായി ഒരു പ്രത്യേക നിയമം ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാജു അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വി മോഹൻദാസ് പ്രബന്ധം അവതരിപ്പിച്ചു. ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ രമേശൻ, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ സുശീലൻ,ടോഡി ബോർഡ് ഭരണസമിതി അംഗം ഡി പി മധു, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, കെ എൻ ഗോപി, ബാബു കെ ജോർജ്ജ്, പി പി ജോയ്, കെ ബി അറുമുഖൻ ഉൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായി. കള്ള് ചെത്ത് വ്യവസായം നേരിടുന്ന വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള തുടർ പ്രക്ഷോഭങ്ങൾക്ക് ശില്പശാല രൂപം നൽകും. തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. വൈകിട്ട് സമാപിക്കും.

Exit mobile version