Site iconSite icon Janayugom Online

ഡി രാജ സിപിഐ ജനറൽ സെക്രട്ടറി

D RAjaD RAja

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ വീണ്ടും തിരഞ്ഞെടുത്തു. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത ദേശീയ കൗണ്‍സില്‍ കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് രാജയെ വീണ്ടും തിരഞ്ഞെടുത്തത്. 2018ല്‍ കൊല്ലത്തുനടന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ് സുധാകര്‍ റെഡ്ഡി ഒഴി‌‌ഞ്ഞതിനെ തുടര്‍ന്ന് 2019 ജൂലൈ 21നാണ് രാജ ആദ്യമായി ജനറല്‍ സെക്രട്ടറിയാകുന്നത്.
ദുരൈസ്വാമി രാജ എന്നാണ് മുഴുവന്‍ പേര്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ചിത്താത്ത് ഗ്രാമത്തില്‍ ദുരൈ സ്വാമി — നായകം ദമ്പതികളുടെ മകനായി 1949ലാണ് ജനനം. ചിത്താത്തൂര്‍ പാലാര്‍ നദിക്കരയിലെ മാലിന്യക്കൂനയ്ക്കു സമീപമുള്ള കുടിലില്‍ നിന്നാണ് രാജയെന്ന നേതാവ് ദേശീയ രാഷ്ട്രീയത്തിലെത്തിയത്. പുറമ്പോക്കിലെ പ്ലാസ്റ്റിക്ക് ഷീറ്റുകളും തകരവും കൊണ്ടുണ്ടാക്കിയ കുടിലില്‍ ജനിച്ച രാജ ജീവിത ദുരിതങ്ങളോടും പ്രദേശത്തു നിലനിന്നിരുന്ന കാട്ടുനീതികളോടും പോരാടിയാണ് മുന്നേറിയത്. വിദ്യാര്‍ത്ഥിയായിരിക്കേതന്നെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. 1970കളില്‍ തമിഴ്‌നാട്ടിലെ യുവ നേതാക്കളില്‍ പ്രമുഖനായി മാറി. ബിഎസ്‌സി ബിരുദം നേടിയതിനുശേഷം എണ്‍പതുകളില്‍ എഐവൈഎഫിലൂടെ തന്റെ രാഷ്ട്രീയപാത ഉറപ്പിച്ചുകൊണ്ട് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി. ഒപ്പം പാര്‍ട്ടിപ്രവര്‍ത്തനങ്ങളിലും സജീവമായി. പിന്നീട് എഐവൈഎഫ് ദേശീയ സെക്രട്ടറിയും അഞ്ചുവര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തിലെത്തി. അക്കാലത്ത് പാര്‍ട്ടി ദേശീയ കൗണ്‍്സില്‍ അംഗമായി. 1994 മുതല്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ രാജ 2007ലും 2013ലും തമിഴ്‌നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ. മലയാളിയാണ് ആനി. എഐഎസ്എഫ് പ്രവര്‍ത്തകയും ഗവേഷണ വിദ്യാര്‍ത്ഥിയുമായ അപരാജിത ഏക മകളാണ്.

125 അംഗ ദേശീയ കൗണ്‍സില്‍, 11 സെക്രട്ടേറിയറ്റ്

സിപിഐ ദേശീയ കൗണ്‍സിലില്‍ 125 അംഗങ്ങള്‍. 11 അംഗ കണ്‍ട്രോള്‍ കമ്മിഷനെയും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കേരളത്തിൽനിന്ന് 12 പേരാണ് ദേശീയ കൗണ്‍സിലിലുള്ളത്. കാനം രാജേന്ദ്രൻ, അഡ്വ. കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, ജെ ചിഞ്ചു റാണി, രാജാജി മാത്യു തോമസ്, പി പ്രസാദ്, കെ രാജൻ, ചിറ്റയം ഗോപകുമാർ, പി പി സുനീർ, കെ പി രാജേന്ദ്രൻ, പി വസന്തം, ജി ആര്‍ അനില്‍ എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ടി ടി ജിസ്‌മോൻ കാൻഡിഡേറ്റ് അംഗവും സത്യൻ മൊകേരി കേന്ദ്രകൺട്രോൾ കമ്മിഷന്‍ അംഗവുമാണ്. ഇതിനു പുറമേ രാജ്യസഭാംഗങ്ങളായ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ എന്നിവർ കേന്ദ്ര സെന്ററിന്റെ ഭാഗമായി ദേശീയ കൗണ്‍സിലിലുണ്ട്.


11 അംഗ സെക്രട്ടേറിയറ്റില്‍ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കു പുറമേ കാനം രാജേന്ദ്രന്‍, അതുല്‍ കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം, അമര്‍ജീത് കൗര്‍, പല്ലബ് സെന്‍ ഗുപ്ത, ഡോ. കെ നാരായണ, ഡോ. ബാല്‍ ചന്ദ്ര കാംഗോ, നാഗേന്ദ്രനാഥ് ഓജ, സെയ്ദ് അസീസ് പാഷ, രാമകൃഷ്ണപാണ്ഡ എന്നിവര്‍ അംഗങ്ങളാണ്. 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കു പുറമേ അഡ്വ. കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, ആനി രാജ, ഗിരീഷ് ചന്ദ്ര ശര്‍മ, മനീഷ് കുഞ്ജാം, സി എച്ച് വെങ്കിടാചലം, രാം നരേഷ് പാണ്ഡെ, ജന്‍കി പസ്വാന്‍, ആര്‍ മുത്തരശന്‍, ടി എം മൂര്‍ത്തി, കെ രാമകൃഷ്ണ, എം വനജ, കെ സാംബശിവറാവു, ഛഡ്ഡ വെങ്കിട്ടറെഡ്ഡി, സ്വപന്‍ ബാനര്‍ജി, ബന്ത് സിങ് ബ്രാര്‍, മുനിങ് മൊഹന്തി, സെങ്കയ്യ നായിഡു, ഗുല്‍സാര്‍ സിങ് എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രാമേന്ദ്ര കുമാര്‍, ശത്രുഘ്നന്‍ സിന്‍ഹ, നാരാ സിങ്, സത്യന്‍ മൊകേരി, എം സെല്‍വരാജ്, ദുര്‍ഗ ഭവാനി, മുഹമ്മദ് യൂസഫ്, മോതിലാല്‍, അബ്ദേവ് സിങ്, രാം ബയ്ജി, നിഷ സിങ് എന്നിവരാണ് കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങള്‍. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി രാമേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: D Raja was elect­ed as the Gen­er­al Sec­re­tary of the CPI

You may like this video also

Exit mobile version