വയനാട് ദുരന്തത്തിന്റെ ഇരകളോട് കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ അവകാശ പ്രഖ്യാപനമായി എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം.
ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഒരുക്കിയ സമരപ്പന്തലിലേക്ക് രാഷ്ട്രീയ, ഭാഷാവ്യത്യാസമില്ലാതെ ദേശീയ നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി ഒഴുകിയെത്തി. വയനാടിന് സഹതാപമല്ല സഹായമാണ് വേണ്ടതെന്ന് സമരത്തെ അഭിസംബോധന ചെയ്ത സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബാല്‍ചന്ദ്ര കാംഗോ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതികരിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഇരകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ പൊതുജന പിന്തുണകൊണ്ട് സമരം ശ്രദ്ധേയമാകുകയും ചെയ്തു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ രാധാകൃഷ്ണന്‍ എംപി നിര്‍വ്വഹിച്ചു. ഇരകളാക്കപ്പെട്ടവര്‍ സഹായത്തിനായി സമരം ചെയ്യേണ്ടി വരുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ എല്‍ഡിഎഫ് നേതാക്കള്‍ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു.

