Site icon Janayugom Online

നിന്ദ്യവും നീചവുമായ വിദ്വേഷ രാഷ്ട്രീയം

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം ഏറ്റവും നിന്ദ്യവും നീചവുമായ തലങ്ങളിലേക്ക് നിപതിക്കുന്നതെന്നാണ് കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. കർണാടകത്തിൽ മുസ്‌ലിം പെൺകുട്ടികൾ ധരിക്കുന്ന നിരുപദ്രവമായ ശിരോവസ്ത്രത്തിൽ നിന്നും ആരംഭിച്ച വിദ്വേഷ പ്രചാരണ രാഷ്ട്രീയം ഇപ്പോൾ എത്തിനിൽക്കുന്നത് മാമ്പഴക്കച്ചവടത്തിലാണ്. ഹിജാബും മു‌സ്‌ലിം പള്ളികളിൽ നിസ്കാരസമയം അറിയാൻ മൈക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച വിവാദങ്ങളും മുസ്‌ലിം മതാചാരങ്ങളോടുള്ള എതിർപ്പായിരുന്നെങ്കിൽ മറ്റെല്ലാ എതിർപ്പുകളും വിവാദങ്ങളും ന്യൂനപക്ഷ സമുദായത്തെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യം വച്ചുള്ളവയാണെന്ന് വ്യക്തം. മുസ്‌ലിം കച്ചവടക്കാർ ഹൈന്ദവ ക്ഷേത്ര പരിസരങ്ങളിലും ഉത്സവങ്ങളിലും കച്ചവടം നടത്തുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. അതിനു സംസ്ഥാനത്തെ ബിജെപി ഭരണകൂടത്തിന്റെ പരസ്യമായ പിന്തുണ ഉണ്ടെന്ന് ചില കർണാടക മന്ത്രിമാരുടെ പ്രസ്താവനകൾ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് പല ക്ഷേത്ര പരിസരങ്ങളിൽനിന്നും ഉത്സവ പറമ്പുകളിൽനിന്നും മുസ്‌ലിം വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ആരംഭിച്ചതിന്റെ വാർത്തകളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഹലാൽ മാംസത്തിന്റെ പേരിൽ മാംസക്കടകളിലും റെസ്റ്റോറന്റുകളിലും കയറി നിരോധനം നടപ്പാക്കാൻ ഹിന്ദുത്വ ജാഗ്രതാസംഘങ്ങൾ രംഗത്തിറങ്ങിയത് ജാതി മത ഭേദമന്യേ കച്ചവടക്കാർക്കും ഇടപാടുകാർക്കും ഇടയിൽ ഭീതി പരത്തിയിരിക്കുന്നു. ആ പട്ടികയിലെ പുതിയ ഇനമാണ് മാമ്പഴ കച്ചവടവുമായി ബന്ധപ്പെട്ട വിവാദം. മാമ്പഴ കച്ചവടം മുസ്‌ലിങ്ങളുടെ കുത്തകയാണെന്നും ഹിന്ദു കർഷകർക്ക് ന്യായമായ വില ലഭിക്കണമെങ്കിൽ ഈ കുത്തകയ്ക്ക് അറുതിവരുത്തണമെന്നുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രചാരണം.


ഇതുകൂടി വായിക്കാം; വിവാദവിധി ഭിന്നിപ്പ് രൂക്ഷമാക്കും


സമാനമായ രീതിയിലാണ് രാഷ്ട്ര തലസ്ഥാനത്തും തലസ്ഥാന മേഖലയിൽ പെട്ട ഉത്തർപ്രദേശ് ജില്ലകളിലും മാംസക്കച്ചവടം നവരാത്രി മഹോത്സവത്തിന്റെ പേരിൽ നിരോധിക്കാൻ ബിജെപിയുടെ ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷ­ൻ മേയറടക്കം അധികൃതർ രംഗത്തുവന്നത്. ഇ­ത്തരം സംഭവങ്ങൾക്ക് വർഗീയ വിദ്വേഷം ആ­ളിക്കത്തിക്കുക എ­ന്നതിനപ്പുറം ഒരു ജനവിഭാഗത്തിന്റെയാകെ സാമ്പത്തിക സ്രോതസും ഉപജീവനവും തടയുക എ­ന്ന ലക്ഷ്യംകൂടിയുണ്ട്. ഇത് കേവലം തീവ്രവാദികളായ ഹിന്ദുത്വ സംഘങ്ങളുടെ പ്രവൃത്തികളായി തള്ളിക്കളയാവുന്നതല്ല. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാർ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്. അടുത്തവർഷം കർണാടകത്തിലും 2025ൽ ഡൽഹിയിലും നടക്കാൻപോകുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുടെ കേളികൊട്ടാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ മറവിൽ ഇപ്പോൾ സംഘപരിവാർ ആരംഭിച്ചിരിക്കുന്നത്. ജനജീവിതത്തെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം, റെക്കോഡ് തകർത്ത് ഉയരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജനങ്ങൾക്കും രാജ്യത്തിനും ഒരുപോലെ ദ്രോഹകരമായ സാമ്പത്തിക നയങ്ങൾ എന്നിങ്ങനെയുള്ള മൗലിക പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങളുടെ തീവ്ര ഹിന്ദുത്വ വോട്ടുബാങ്ക് നിലനിർത്താനുമുള്ള കുത്സിത തന്ത്രങ്ങളാണ് അവർ പ്രയോഗിക്കുന്നത്. ഈ ഹീന നടപടികൾ ജനജീവിതത്തിനും ജനങ്ങളുടെ സാമ്പത്തിക ഭദ്രതക്കും സമ്പദ്ഘടനക്കുതന്നെയും കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. തലമുറകളായി ജീവസന്ധാരണത്തിന് ഒരുവിഭാഗം ജനങ്ങൾ അവലംബിച്ചു പോരുന്ന തൊഴിലിൽ നിന്നും അവർ പറിച്ചെറിയപ്പെടുകയും സ്വന്തം മണ്ണിൽ അഭയാർത്ഥികളായി മാറ്റപ്പെടുകയുമാണ്.


ഇതുകൂടി വായിക്കാം; തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍: യാഥാര്‍ത്ഥ്യവും മിഥ്യയും


തലമുറകളായി അവരെ ആശ്രയിച്ചു പോരുന്ന കർഷകരും ഉപഭോക്താക്കളും ബദൽ ഏതുമില്ലാത്ത അവസ്ഥയിലേക്ക് തള്ളപ്പെടുന്നു. ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യമായ വിള്ളൽ രാജ്യത്തിന്റെ ഐക്യത്തിനും സമുദായ സാഹോദര്യത്തിനും കനത്ത ഭീഷണിയാകും. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ വ്യാവസായിക വൃത്തങ്ങളിൽ നിന്നുപോലും ഇതിനകം ഉയർന്നുകഴിഞ്ഞു. മാംസ കയറ്റുമതിയിൽ ഏർപ്പെട്ടിട്ടുള്ള വൻകിട കോര്‍പറേറ്റുകൾ, ഹിന്ദു സന്യാസിയും പ്രമുഖ ബിജെപി നേതാവും ഉള്‍പ്പെടെ ഉള്ളവർ, ഹലാൽ സർട്ടിഫിക്കറ്റോടെയാണ് കച്ചവടം പൊടിപൊടിക്കുന്നതും ലാഭം കുന്നുകൂട്ടുന്നതും. അതിനെതിരെ ശബ്ദിക്കാനോ അനുയായിവൃന്ദത്തെ ഇളക്കിവിടാനോ സംഘപരിവാറോ അതിന്റെ നേതാക്കളോ തയാറല്ല. മാംസക്കടകൾക്കു വിലക്കേർപ്പെടുത്തി വൃത്തികെട്ട വർഗീയ രാഷ്ട്രീയം കളിക്കുന്ന ബിജെപി നേതാക്കൾ ഡൽഹിയടക്കം രാജ്യത്തെമ്പാടും മാംസാഹാരികളുടെ എണ്ണം അനുദിനം പെരുകുന്ന വസ്തുത കണ്ടില്ലെന്നുനടിക്കുന്നു. ആഹാരത്തിലും ആചാരങ്ങളിലും വിഷം കലർത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയേയും സമാധാനപൂർണമായ സാമൂഹിക അന്തരീക്ഷത്തെയും തകർക്കുന്ന തീക്കളിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.

You may also like this video;

Exit mobile version