ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയുടെ പക്കൽ നിന്നും നാലു കോടിയിലധികം രൂപ തട്ടിയെടുത്തു. കാക്കനാട് എന്‍ജിഒ ക്വാർട്ടേഴ്‌സ് സ്വദേശിനിയായ വീട്ടമ്മയുടെ പക്കൽ നിന്നാണ് 4,11,90,094 രൂപ ഏഴുതവണകളായി തട്ടിയെടുത്തത്. തട്ടിപ്പുകളെക്കുറിച്ച് നാഴികക്ക് നാല്പത് വട്ടം പൊലീസും അധികൃതരും മുന്നറിയിപ്പ് നൽകി വരുന്നതിനിടെയാണ് വീട്ടമ്മയുടെ പക്കൽ നിന്നും ഇത്രയും തുക നഷ്ടപ്പെട്ടത്.
വീട്ടമ്മയുടെ പേരിൽ ഡൽഹി ഐസിഐസിഐ ബാങ്കിൽ ആരോ വ്യാജ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തി സന്ദീപ്കുമാർ എന്നയാൾ ഡൽഹി പൊലീസിൽ കേസ് നൽകിയെന്നുമാണ് ഫോൺ വഴി അറിയിപ്പ് ലഭിച്ചത്. മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവ നടത്തിയ തുക കൈമാറിയത് ഈ അക്കൗണ്ടിലൂടെയാണെന്നതിനാലാണ് കേസെന്നും തട്ടിപ്പുകാർ വീട്ടമ്മയെ അറിയിച്ചു.
വീട്ടമ്മയുടെ പേരിൽ മറ്റ് അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും ഇതെല്ലാം നിയമവിരുദ്ധമാണോയെന്നും പൊലീസ് അന്വേഷണം നടത്തുകയാണെന്നും ഇവരെ അറിയിച്ചു. ഇതിന്റെ ഭാഗമായി വീട്ടമ്മയുടെ അക്കൗണ്ടുകളിലെ തുകയെല്ലാം പൊലീസിന് കൈമാറണമെന്നും കേസ് തീരുന്ന മുറയ്ക്ക് തിരിച്ച് നൽകാമെന്നും വാട്‌സ്ആപ്പിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയും വന്നതോടെ വീട്ടമ്മ തന്റെ മൂന്ന് അക്കൗണ്ടുകളിലെ തുക പല തവണയായി ഓൺലൈനിലൂടെ അയച്ച് നൽകുകയായിരുന്നു. തുക കൈമാറിയ ശേഷം പിന്നീട് ഇക്കൂട്ടരെ വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പായിരുന്നെന്ന് വീട്ടമ്മ അറിയുന്നത്. പരാതിയിൽ വിവിധ വകുപ്പുകളിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.