Site iconSite icon Janayugom Online

ഡോ. എ യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് ആർ സാംബന്

വ്യവസായിയും മുൻ എംഎൽഎ യുമായ ഡോ. എ യൂനുസ്‌കുഞ്ഞിന്റെ സ്മരണയ്ക്കായി ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദൃശ്യമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസ്‌ കോട്ടയം ബ്യൂറോ റിപ്പോട്ടർ ഷിനോജ് എസ് ടി അർഹനായി. ഡോ യൂനുസ് കുഞ്ഞിന്റെ മൂന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫാത്തിമ മെമ്മോറിയൽ ട്രസ്റ്റ്‌ സെക്രട്ടറി നൗഷാദ് യൂനുസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ച പരമ്പരകളും വാർത്തകളും ആണ് അവാർഡിന് പരിഗണിച്ചത്. ’ എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം’ എന്ന ശീർഷകത്തിൽ നവംബർ 15 മുതൽ ആറ് ലക്കങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാർഡിന് അർഹമായത്. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ഇടമലക്കൂടി ഗോത്രവർഗ സങ്കേതങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതിനെപ്പറ്റിയുള്ള അന്വേഷണമായിരുന്നു പരമ്പര.ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുൻ എഡിറ്റർ എം ജി രാധാകൃഷ്ണൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എസ് നജീബ് എന്നിവരായിരുന്നു അവാർഡ് നിർണയ സമിതി അംഗങ്ങൾ.

മുമ്പ് ദേശാഭിമാനിയിലും പ്രവർത്തിട്ടുള്ള സാംബന് ലഭിക്കുന്ന 51-മത്തെ അവാർഡാണിത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്കാരം, രാംനാഥ് ഗോയങ്ക അവാർഡ് , കുഷ്‌റോ ഇറാനി പുരസ്‌കാരം, സ്റ്റേറ്റ്സ്മാൻ അവാർഡിന്റെ ഒന്നാം സ്ഥാനം, കെ സി കുലിഷ് രാജ്യന്തര അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ : സാന്ദ്ര, വൃന്ദ. മരുമകൻ : എസ് അനൂപ്. കൊല്ലം പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ ഡി ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി പ്രേം, ട്രഷറർ കണ്ണൻ നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version