Site iconSite icon Janayugom Online

പ്രതിസന്ധികളില്‍ തളരാതെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കണം: മന്ത്രി വീണാ ജോര്‍ജ്

ജീവിതത്തിലെ പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ വെളിച്ചത്തിലേക്ക് വന്ന് സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാന്‍ ഓരോ വ്യക്തിക്കും കഴിയണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അത് പൂര്‍ണമാകുമ്പോള്‍ മാത്രമേ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ പൂര്‍ണമാകൂ എന്നും മന്ത്രി പറഞ്ഞു. കേരള വനിതാ കമ്മിഷൻ നടപ്പാക്കുന്ന ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ഭരണഘടന മൗലിക അവകാശങ്ങള്‍ ഉറപ്പു നല്‍കി ഏഴര പതിറ്റാണ്ടുകള്‍ക്കിപ്പുറവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പല രീതിയില്‍ സമൂഹത്തില്‍ ക്രൂരമായി നിലനില്‍ക്കുന്നുണ്ട്. ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രത്യക്ഷത്തില്‍ മുന്നോട്ട് വന്ന് സംസാരിക്കാന്‍ കഴിയില്ല. പക്ഷെ ഇവിടെ മുഴങ്ങി കേള്‍ക്കുന്നത് വേട്ടക്കാരുടെ ശബ്ദമാണ്. ഇരകള്‍ നിശബ്ദരായി പോകുമ്പോള്‍ വേട്ടക്കാരുടെ ശബ്ദം മുഴങ്ങുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനൊട്ടും ഉചിതമല്ലെന്നും രാഷ്ട്രീയ ഭേദമന്യേ സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ സമൂഹ മാധ്യമത്തില്‍ വേട്ടയാടപ്പെടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കരച്ചിലുകള്‍ ഇല്ലാത്ത സ്ത്രീസമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഏറ്റവും അധികം പാര്‍ശ്വവല്‍ക്കരിച്ചു പോകുന്ന സ്ത്രീ വിഭാഗങ്ങളുടെ ഇടയിലേക്ക് വനിതാ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിനൊപ്പം സാമ്പത്തിക ഭദ്രതയും ആവശ്യമാണെന്ന് ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ അംബാസഡര്‍ കൂടിയായ നടി മഞ്ജു വാര്യര്‍ പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂ. പറന്നുയരാനുള്ള ചിറകുകള്‍ നിങ്ങള്‍ സ്വയം കണ്ടെത്തണമെന്നും ആ ചിറകുകള്‍ വിരിച്ച് പറക്കാനുള്ള ആകാശം വേണ്ടി വന്നാല്‍ സ്വയം സൃഷ്ടിക്കാനും സ്ത്രീകള്‍ പ്രാപ്തരാകണമെന്നും മ‍ഞ്ജു വാര്യര്‍ പറഞ്ഞു. 

Exit mobile version