Site iconSite icon Janayugom Online

കുരുമുളകിന് വിലത്തകർച്ച; മൂന്ന് ദിവസത്തിനിടയിൽ കുറഞ്ഞത് 20 രൂപയോളം

ഒരിടവേളയ്ക്കു ശേഷം കുരുമുളക് വില വീണ്ടും താഴേക്ക്. നേരായ മാർഗത്തിലൂടെയും അല്ലാതെയും വൻതോതിൽ കുരുമുളക് ഇന്ത്യയിലേക്കെത്തുന്നതാണ് ഈ അവസ്ഥയ്ക്ക് മുഖ്യകാരണമെന്ന് കൃഷിക്കാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ദിവസത്തിനിടയിൽ 20 രൂപയോളമാണ് കിലോഗ്രാമിന് കുറഞ്ഞത്. അതിന് തൊട്ടുമുമ്പ് 10 രൂപ കുറഞ്ഞിരുന്നു. കിലോഗ്രാമിന് 555 രൂപയാണ് കഴിഞ്ഞ ദിവസത്തെ കൊച്ചിയിലെ നിരക്ക്. നിയന്ത്രണമില്ലാത്ത ഇറക്കുമതിക്കു പുറമെ വരും ദിവസങ്ങളിൽ കർണാടകയിൽ നിന്നും ഇടുക്കി, വയനാട് ജില്ലകളിൽ നിന്നും കൂടുതൽ ചരക്ക് വിപണിയിലെത്തുന്നതോടെ വില ഇനിയും ഇടിയാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ വില ഉയരുകയും പുതിയ ഉണർവ് പ്രകടമാവുകയും ചെയ്തിരുന്നു. ഈ വർഷം കേരളത്തിലും കർണാടകത്തിലും വലിയ തോതിൽ ഉല്പാദനം കുറയുമെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിലയിലുണ്ടായ ആ വർധനവ്. ഇതോടെ, ഉത്തരേന്ത്യയിലെ മസാലക്കമ്പനികളും ലോബിയും വൻതോതിൽ ചരക്ക് വാങ്ങി സ്റ്റോക്ക് ചെയ്യുകയായിരുന്നു. പിന്നീട്, സ്ഥിതി മാറി. മോഹവിലയ്ക്ക് കുരുമുളക് വാങ്ങി ശേഖരിച്ചവർ വെട്ടിലാവുകയും ചെയ്തു.

ബ്രസീൽ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യൻ മുളക് ടണ്ണിന് 7400 — 8025 ഡോളറിനിടയിൽ കയറിയിറങ്ങിനിൽക്കുമ്പോൾ ബ്രസീൽ, വിയറ്റ്നാം, ഇന്തോനേഷ്യൻ ചരക്കിന് 3500, 3600, 3800 എന്നിങ്ങനെയാണ് ഡോളർ നിരക്ക്. ഇറക്കുമതി മുളക് കിലോഗ്രാമിന് മിനിമം 500 രൂപയാക്കി കേന്ദ്ര സർക്കാർ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും മിനിമം വിലയും അതിന്റെ ഇറക്കുമതി തീരുവ വിഹിതവും കൂട്ടിയാലും, രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ചരക്കിനെക്കാൾ കുറഞ്ഞ വിലയ്ക്ക് വിദേശ കുരുമുളക് ലഭിക്കും.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുത്തകകളാണ് ശ്രീലങ്കയിലെ കൊളംബോ തുറമുഖം മറയാക്കി നേരായ വഴിക്കും അല്ലാതെയും വിദേശ മുളകിൽ ഏറിയപങ്കും ഇന്ത്യയിലെത്തിക്കുന്നത്. കർഷക താല്പര്യങ്ങൾ പാടേ വിസ്മരിച്ച വാണിജ്യ മന്ത്രാലയമാണ് വ്യവസായികൾക്ക് പച്ചക്കൊടി കാണിക്കുന്നതെന്നാണ് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നത്. കയറ്റുമതി രംഗത്തും ഇന്ത്യൻ ചരക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ധരും പറയുന്നു.

Eng­lish Sum­ma­ry: Drop in price of pep­per; A min­i­mum of Rs.20 in three days

You may also like this video

Exit mobile version