Site iconSite icon Janayugom Online

രാജ്യവ്യാപകമായി ലഹരി ഒഴുകുന്നു; ഒരുദിവസം പിടികൂടിയത് 163 കോടിയുടെ മയക്കുമരുന്ന്

രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് ഒഴുകുന്നു. ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കോടികളുടെ മയക്കുമരുന്ന് പിടികൂടി. 163 കോടിയുടെ ലഹരിയാണ് വിവിധ ഏജന്‍സികളുടെ പരിശോധനയില്‍ കണ്ടെത്തിയത്. ഇംഫാലിലും ഗുവാഹട്ടിയിലും നിന്ന് 88 കോടിയുടെ ലഹരി മരുന്നാണ് പിടിച്ചത്. മെത്താ ഫെറ്റാമെൻ ഗുളികകളുടെ വന്‍ ശേഖരമാണ് കണ്ടെടുത്തത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇംഫാലിലെ ലിലോങ് മേഖലയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ട്രക്കില്‍ ഒളിപ്പിച്ച് കടത്തിയ 102.39 കിലോ മയക്കുമരുന്നാണ് കണ്ടെടുത്തത്. 

വാഹനത്തിന്റെ കാബിനിലെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താഫെറ്റമിന്‍ ഗുളികകള്‍. ട്രക്കിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി. പ്രദേശത്തിന് സമീപത്തുനിന്ന് കള്ളക്കടത്തിന് സഹായം ചെയ്തു നല്‍കിയ ഒരാളെയും പിടികൂടി. പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളില്‍പ്പെട്ടവരാണെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. പഞ്ചാബ് അതിര്‍ത്തിയില്‍ ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ 10 പാക്കറ്റ് ഹെറോയിൻ പിടികൂടി. ഫാസില്‍ക്ക ജില്ലയിലെ ഗ്രാമത്തില്‍ നിന്ന് 5.77 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. 

കര്‍ണാടകയിലെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നില്‍ മംഗലാപുരത്ത് നിന്നും 37.870 കിലോഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിലായി, ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. 75 കോടി രൂപ വിപണി മൂല്യം വരുന്ന എംഡിഎംഎയാണ് ഡല്‍ഹി വഴിയെത്തിയ ഇവരില്‍ നിന്നും കണ്ടെടുത്തത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. രാജ്യത്ത് മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 2024ല്‍ മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നടന്ന ഒരു അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് വന്‍ മയക്കുമരുന്ന് വേട്ടയിലേക്ക് എത്തിച്ചത്. ഇവർ വിതരണം ചെയ്ത ലഹരിയുടെ ഉറവിടം ഇന്ത്യ തന്നെയാണോ അതോ രാജ്യത്തിന് പുറത്തുനിന്നും എത്തിച്ചതാണോയെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പഞ്ചാബില്‍ ലഹരിക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 15 ദിവസത്തിനിടെ വിവിധയിനത്തില്‍പ്പെട്ട 1,270 കിലോഗ്രാം മയക്കുമരുന്നുകൾ പിടികൂടി. 63 ലക്ഷം രൂപയും 7.16 ലക്ഷത്തിലധികം രൂപയുടെ ലഹരി ഗുളികകളും കണ്ടെടുത്തു. വിവിധ കേസുകളില്‍ പിടികൂടിയവരില്‍ വിദേശ പൗരന്മാരുമുണ്ടെന്നത് രാജ്യത്തിന് പുറത്തുനിന്നാണ് ലഹരിയൊഴുകുന്നുവെന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്.

മുന്നില്‍ ഗുജറാത്ത്

നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലാണ് 2024ല്‍ ഏറ്റവുമധികം മയക്കുമരുന്ന് വേട്ട നടന്നത്. രാജ്യത്താകെ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയതില്‍ 7,303 കോടിയും ഗുജറാത്തില്‍ നിന്നായിരുന്നു. 2024ല്‍ രാജ്യത്ത് നടന്ന എട്ട് വന്‍ മയക്കുമരുന്ന് വേട്ടയില്‍ നാലും നടന്നതും ഗുജറാത്തിലാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കഴിഞ്ഞ ഫെബ്രുവരി 10ന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്ന് പിടികൂടിയ ലഹരി വസ്തുക്കളില്‍ 30 ശതമാനവും ഗുജറാത്തില്‍ നിന്നായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അക്കാലത്ത് പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 3,958.85 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതില്‍ 1,187.8 കോടി ഗുജറാത്തിൽ നിന്നായിരുന്നു. കഴിഞ്ഞ വർഷം ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മൂന്ന് വന്‍ പരിശോധനകളില്‍ 1,882 കിലോഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്തിരുന്നു.

Exit mobile version