Site iconSite icon Janayugom Online

കൊടകര കുഴൽപ്പണക്കേസില്‍ ഇഡി കുറ്റപത്രം; ബിജെപിയെ വെളുപ്പിച്ചു

ബിജെപി നേതാവ്‌ കെ സുരേന്ദ്രൻ അടക്കമുള്ളവരെ രക്ഷപ്പെടുത്താൻ കൊടകര കുഴൽപ്പണക്കേസ്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇഡി) അട്ടിമറിച്ചു. കൊടകരയിൽ കവർച്ചാസംഘം കൊള്ളയടിച്ച പണം ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടല്ലെന്നും ആലപ്പുഴയിലെ ഒരു വസ്തു വാങ്ങുന്നതിന്‌ ഒരു വസ്തുകച്ചവടക്കാരൻ കൊടുത്തുവിട്ടതാണെന്നുമാണ്‌ ഇഡിയുടെ വിചിത്രമായ കണ്ടെത്തൽ.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള (പിഎംഎല്‍എ) കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ്‌ ബിജെപി നേതാക്കളെ വെള്ളപൂശിയ കുറ്റപത്രം ഇഡി സമർപ്പിച്ചത്‌. ബിജെപി നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകളോടെ കേരള പൊലീസ്‌ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടാണ്‌ ഇഡി തള്ളിയിരിക്കുന്നത്‌. പിടിച്ചെടുത്തത് ബിജെപിയുടെ പണമല്ലാത്തതിനാൽ തുടരന്വേഷണം വേണ്ടെന്നാണ്‌ ഇഡി വാദം. 

കുഴൽപ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്നതായിരുന്നു സംസ്ഥാന പൊലീസ് അന്വേഷണം. പണം ബിജെപി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചതാണെന്ന് പൊലീസ്‌ കണ്ടെത്തിയിരുന്നു. ബിജെപി നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി തൃശൂരിലെ ബിജെപി ഓഫിസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശനും രംഗത്തെത്തി. തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് സതീശന്‍ വെളിപ്പെടുത്തിയത്. 

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകത്തിൽ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കവർച്ചാസംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. 

അതേസമയം ആലപ്പുഴയിലുള്ള തിരുവിതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ധർമ്മരാജ് എന്നയാൾ ഡ്രൈവർ ഷംജീറിന്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച് കൊള്ളയടിച്ചെന്നാണ് കേന്ദ്ര ഏജൻസി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് കണ്ടെത്തിയ പണത്തിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ടുലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്, അരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുൾ ഷാഹിദ്, മുഹമ്മദ് ഷുക്കൂർ, അബ്ദുൾ ബഷീർ, അബദുൾ സലാം, റഹിം, ഷിജിൽ, അബ്ദുൾ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിൻ, ദീപ്തി, സുൾഫിക്കർ, റഷീദ്, ജിൻഷാമോൾ എന്നിങ്ങനെ 23 പേരാണ്‌ കേസിലെ പ്രതികൾ. 2021 മേയ് അഞ്ചിനാണ് ഇഡി കേസന്വേഷണം ആരംഭിച്ചത്. 

Exit mobile version