പഞ്ചനദികളുടെ നാടായ പഞ്ചാബില്‍ ഖലിസ്ഥാന്റെ പേരില്‍ വീണ്ടും വിഘടനവാദത്തിന്റെ മുളപൊട്ടലുണ്ടായിരിക്കുന്നു. ചരിത്രത്തിന്റെ സഞ്ചാരവഴികളില്‍ പഞ്ചാബ് എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊണ്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിന്റെ ഐക്യവും അതിര്‍ത്തിയും കാക്കുന്ന സൈനിക വിഭാഗത്തിലും പഞ്ചാബികള്‍ക്ക്, പ്രത്യേകിച്ച് സിഖുകാര്‍ക്ക് പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ദേശാഭിമാന ബോധത്തിന്റെയും സ്വാതന്ത്ര്യാഭിവാഞ്ഛയുടെയും ധീരതയുടെയും വിപ്ലവ ചിന്തകളുടെയും വിളിപ്പേരായ ഭഗത് സിങ്ങിന്റെയും ഉദ്ദം സിങ്ങിന്റെയും നാടാണത്. ബ്രിട്ടീഷുകാരോട് പ്രതിഷേധിക്കാന്‍ ഒത്തുകൂടി, അവരുടെ നിറതോക്കുകള്‍ ഗര്‍ജിച്ചപ്പോള്‍ വെടിയുണ്ടയേറ്റുവാങ്ങി മരിച്ചുവീണ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളുടെ മണ്ണുമാണ് പഞ്ചാബ്. സ്വയംഭരണവാദം ഉയര്‍ന്ന ഘട്ടങ്ങളില്‍ പഞ്ചാബിലെ ജനങ്ങള്‍ തന്നെയാണ് ദേശീയ ഐക്യത്തിന്റെ സന്ദേശവുമായി അതിനെ ചെറുത്തുനിന്നതെന്നതും ചരിത്രമാണ്. ഇന്ത്യാ വിഭജന കാലത്തും പിന്നീട് സ്വതന്ത്ര ഇന്ത്യയിലും വിഘടനവാദത്തിന്റെ ചില ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. വിഘടനവാദം ഉന്നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചാബില്‍ രൂപപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യക്കൊപ്പം നില്‍ക്കുന്നവര്‍ക്കാണ് എല്ലാകാലത്തും അവിടെയുള്ള ജനത പിന്തുണ നല്കിയത്. ഏകീകൃത ഇന്ത്യയുടെ കൂടെത്തന്നെ നില്‍ക്കാനാണ് പഞ്ചാബിലെ മഹാഭൂരിപക്ഷം ഇപ്പോഴും ആഗ്രഹിക്കുന്നതും.
ഇതുകൂടി വായിക്കൂ: ഡല്‍ഹി വിമാനത്താവളത്തിന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി
1980കളില്‍ ശക്തിയാര്‍ജിക്കുകയും 90കളുടെ ആദ്യംവരെ തുടരുകയും ചെയ്ത സിഖ് കലാപകാലത്തെയും പഞ്ചാബിന് അതിജീവിക്കാനായത് ജനങ്ങളുടെ ഐക്യമനോഭാവവും ദേശീയ ബോധവും കൊണ്ടായിരുന്നു. രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ നഷ്ടമാക്കിയ വിഘടന പ്രവര്‍ത്തനങ്ങളായിരുന്നു ആ ദശകത്തില്‍ കണ്ടത്. ഭിന്ദ്രന്‍വാലയെന്ന വിഘടനവാദ നേതാവ് രംഗപ്രവേശം ചെയ്തത് ആ ഘട്ടത്തിലായിരുന്നു. ചില ഗുരുദ്വാരകളെ പോലും ഭീകരര്‍ താവളമാക്കി. സിഖ് മതവിശ്വാസികളുടെ പവിത്ര കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തെ പോലും ഭീകര കേന്ദ്രമാക്കിയെന്ന ആരോപണമുണ്ടായതുകൊണ്ടാണ് അവിടെ ഇന്ത്യന്‍ സൈന്യത്തിന് കയറേണ്ടി വന്നത്. അതിനുള്ള പ്രതികാരമായാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വധിക്കുന്നത്. അവിടെയുമവസാനിച്ചില്ല. ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് പ്രതികാരമെന്നോണം ഡല്‍ഹിയില്‍ ഭീകരമായ സിഖ് വേട്ടയാണ് നടന്നത്. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ പലായനം ചെയ്തു. ജീവിതോപാധികള്‍ നഷ്ടമായവര്‍ വേറെയും. പക്ഷേ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലേയ്ക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമങ്ങള്‍ക്കൊപ്പമാണ് പഞ്ചാബിലെ ജനത നിലകൊണ്ടത്. ഭീകരവാദികള്‍ തലതിരിഞ്ഞവരായപ്പോള്‍ സാധാരണ സിഖുകാര്‍ക്കുപോലും രക്ഷയില്ലാത്ത സ്ഥിതിയുണ്ടായി.
ഇതുകൂടി വായിക്കൂ: കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ല
വിഘടനവാദത്തെ തള്ളിപ്പറഞ്ഞവര്‍ മാത്രമല്ല, അല്ലാത്തവരെയും അവര്‍ കൊന്നുതള്ളി. അതിനെതിരായ ചെറുത്തുനില്പുകള്‍ ഏറ്റവും ശക്തമായുണ്ടായതും ആ സംസ്ഥാനത്തിനകത്തുനിന്നായിരുന്നു. സിപിഐയും എഐവൈഎഫ്, എഐഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകളും ജനങ്ങളുടെ കാവല്‍ക്കാരായി സായുധരായി നിന്നു. അതിന്റെ പേരില്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമടക്കം ഇരുനൂറോളം പേരുടെ ജീവന്‍ നല്കേണ്ടിവന്നു. അങ്ങനെ ഇന്ത്യയിലെ ജനങ്ങളുടെ ഇച്ഛാശക്തിയും സൈന്യത്തിന്റെ നടപടികളും അതിനെക്കാളുമപ്പുറം പഞ്ചാബിലെ സാധാരണ മനുഷ്യരുടെ പിന്തുണയുടെയും അടിസ്ഥാനത്തില്‍ 1990കളുടെ ആദ്യവര്‍ഷങ്ങളില്‍ പഞ്ചാബ് വിഘടനവാദത്തിന്റെ വേരറുത്തതാണ്. എങ്കിലും സിഖ് രാഷ്ട്രീയത്തില്‍ കടന്നുകയറാനുള്ള എളുപ്പവഴിയായി വിഘടനവാദത്തെ ചില ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
ഇതുകൂടി വായിക്കൂ: കെജിഎസിന്റെ ബംഗാൾ @ 50
ചില കുബുദ്ധികളുടെയും ഇന്ത്യാവിരുദ്ധ ശക്തികളുടെയും പിന്തുണയോടെ വീണ്ടും വിഘടനവാദത്തിന്റെ നേരിയ ശബ്ദങ്ങള്‍ അവിടെ ഉയര്‍ന്നിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലെ വിഘടനവാദത്തെ ഇന്ത്യയുടെ മണ്ണില്‍ ഇല്ലാതാക്കിയെങ്കിലും ചില സംഘടനകള്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവരുടെ പിന്തുണയോടെയാണ് പുതിയ വിഘടനവാദം രംഗപ്രവേശം ചെയ്തിരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. കുറച്ചുമാസങ്ങളായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന വാരിസ് പഞ്ചാബ് ദേയുടെ പ്രവര്‍ത്തനങ്ങള്‍. വന്‍തോതിലുള്ള കൂടിച്ചേരലുകളും ആയുധ സമാഹരണങ്ങളും നടക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഗൗനിച്ചില്ലെന്നുവേണം കരുതുവാന്‍. മുന്‍കാലത്തെന്നതുപോലെ പഞ്ചാബ് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ദുഷ്ടലാക്കോടെയുള്ള പ്രേരണകള്‍ ചില ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടായോ എന്നും സംശയിക്കേണ്ടതുണ്ട്. അതെന്തായാലും ഇപ്പോള്‍ പഞ്ചാബില്‍ രൂപപ്പെട്ടിരിക്കുന്ന വിഘടനവാദം വേരോടെ പിഴുതെറിയേണ്ടതുതന്നെയാണ്.