6 October 2024, Sunday
KSFE Galaxy Chits Banner 2

കെജിഎസിന്റെ ‘ബംഗാൾ’ @ 50

ഡോ. എ മുഹമ്മദ്കബീർ
January 8, 2023 3:00 am

സഞ്ജയാ,
അകത്തെ മുറിയിൽ ആരോ തേങ്ങുന്നു
അകലെയാരോ അലമുറയിടുന്നു
ആകാശത്തിലും ഭൂമിയിലും ഭയം മുഴങ്ങുന്നു.
ഇരുൾവീണ വഴിയിടങ്ങളിൽ ചിതറിവീണ കണ്ണീരിന്റെ ഗന്ധം നെറുകയിൽ അമ്ലരസമായി വാസനിച്ച നാളിലാണ് കെ. ജി ശങ്കരപ്പിള്ള കവിയായത്. മുറിവുണങ്ങാതെ നൊന്തുപെയ്യുന്ന വിലാപങ്ങളുടെ മഷിപ്പകർച്ചയിൽ ഉരുവമാർന്ന ചിത്രങ്ങളായിരുന്നൂ കെ ജി എസിന്റെ ഓരോ കവിതയും. വർണങ്ങളുടെ വനഭംഗികൾ തീർത്ത വാസരക്കാഴ്ചയിൽ കവി ചുവപ്പിനെ പണയിച്ചു. കരൾ നൊന്തു പാടിയ കവിയുടെ കവിതകൾക്ക് ഗദ്യത്തിന്റെ കലർപ്പുറ്റ കരുത്ത് തുണയായി നിന്നു. താളവും വൃത്തവും ഒഴിഞ്ഞ, പരുക്കൻ വാക്കുകളുടെ കടമ്പിൻപൂക്കളാൽ അലംകൃതമായ കാവ്യഗാത്രത്തെയാണ് കവി പുണരാൻ കൊതിച്ചത്. മറ്റൊരു കവിയും പിന്തുടരാത്ത കാവ്യബോധത്തിന്റെ മെരുങ്ങാത്ത പദസഞ്ചയങ്ങളെ ചേർത്താണ് കവി തന്റെ കർമകാണ്ഡത്തിന്റെ പൊരുൾ തേടിയലഞ്ഞത്. ഓരോ കവിതയും തുടങ്ങിയൊടുങ്ങുമ്പോൾ കെജിഎസ് എന്ന കവിയുടെ കാവ്യശില്പ കാർക്കശ്യം പ്രകാശഭാവത്തിൽ നിറഞ്ഞുനിൽക്കുന്നത് കാണാം. വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്ന ലാവണ്യത്തിന്റെ സിരാവിന്യാസത്താൽ ഏകീകരിച്ച വരികളിലൂടെൻറെ കവി വായനക്കാരുടെ മനം കവർന്നു. 

യുവതയുടെ ധൈഷണിക മികവിനെ കവിതയിലൂടെ കവർന്നെടുത്ത് പ്രതികരണച്ചൂരു നിറച്ച് കത്തിച്ച കവിയാണ് കെ ജി ശങ്കരപ്പിള്ള. ഗ്രാമവിശുദ്ധിയുടെ സ്വച്ഛതയിൽ വിലയിച്ചവർ പോലും കെ ജി എസിന്റെ കവിതയാൽ ഉള്ളം തിളച്ചു നവരാഷ്ട്രീയബോധ്യത്തിനുടമകളായി മാറി. വിപ്ലവം നിറച്ച യുവഹൃദയങ്ങളെ ബിംബകല്പനയാൽ അലംകൃതമായ വാക്കുകളുടെ മാന്ത്രികസ്പർത്താൽ കവി കീഴടക്കി. കാവ്യപാരമ്പര്യത്തിന്റെ പഴകിയ പനയോലക്കെട്ടുകൾ ചുട്ടെരിച്ച് ദർശനത്തിന്റെ പുതിയലോകത്തേയ്ക്ക് വായനക്കാരെ നയിച്ച കവിയാണ് കെ ജി എസ്. സർഗാത്മകതയുടെ ധാരാളിത്തത്താൽ സമ്പന്നമായ കാവ്യലോകത്തിനുടമയായിരുന്നൂ ഈ കവി. പാരിസ്ഥിതികബോധത്തിന്റെ ഹരിതപാഠങ്ങൾ പകർന്ന് ആവാസവ്യവസ്ഥയുടെ ലളിതയുക്തികൾ വെളിവാക്കുന്ന ഒട്ടേറെ കവിതകളും അദ്ദേഹം രചിച്ചു. കാടും കാട്ടാറും മരവും മലയും വാണിഭച്ചരക്കാവുന്ന കെട്ടകാലത്തിന്റെ വ്യസനയാഥാർഥ്യത്തിൽ നിന്നുമാണ് കവി കവിതയുടെ ഉറവ തേടിയത്. കമ്പോളത്തിന്റെ കുടിലചിന്തകൾ പകർന്ന് നിറമിരുണ്ട മാനവമനസിൽ പ്രതീക്ഷയുടെ പ്രകാശബിന്ദുക്കൾ ചൊരിയാൻ കവിതയെ ആയുധമാക്കിയ കവിയാണ് ശങ്കരപ്പിള്ള. കവിതയിൽ ലളിതകോൻറെമളപദാവലികൾ നിറച്ച് പൈങ്കിളിവൽക്കരിക്കുന്നതിനു പകരം പരുഷഗദ്യത്തിന്റെ ഗഹനകാന്തി പകരാനാണ് കവി ശ്രമിച്ചത്. ഇന്ദനീലക്കണ്ണുള്ള വാക്കുകളാൽ കവി വായനക്കാരന്റെ ഹൃദയധമനികളിൽ ഉഷ്ണരക്തം നിറച്ചു. കവിതയെന്നത് മോഹങ്ങളുടെ സമുദ്രതരംഗങ്ങൾ നിറയ്ക്കുന്ന ലഘുവ്യായാമമല്ലെന്നും ഓരോ കവിതയും സ്ഥലകാലബന്ധങ്ങൾ സൃഷ്ടിക്കുന്ന ചരിത്രരാഷ്ട്രീയ സംവാദമാണെന്നുമുള്ള ഉറച്ച വിശ്വാസക്കാരൻ കൂടിയായിരുന്നൂ കവി. വൈവിധ്യവും സൗന്ദര്യാത്മകതയും സമാസമം ചാലിച്ചെഴുതിയ എണ്ണച്ചായങ്ങളായിരുന്നൂ കെജിഎസിന്റെ കവിതകൾ. 

നടക്കുമ്പോൾ തെളിയുന്നതാണ് വഴിയെന്ന വാക്യം പ്രമാണമാക്കിയ കവിയായിരുന്നൂ ശങ്കരപ്പിള്ള. ഭാഷയിലും ഭാവനയിലും സ്വന്തം വഴിവെട്ടാൻ കവിക്ക് അനായാസം കഴിഞ്ഞു. വാക്കിലും പൊരുളിലും മുനകൂർത്ത ഗദ്യത്തെ കവിതയുടെ താളം തേച്ച് കവി മിനുക്കിയെടുത്തു. ഇടിമുഴക്കം തീർത്ത വാക്കുകളുടെ ആന്തരചൈതന്യത്താൽ ഓരോ കവിതയും അനുവാചകമനസിൽ ആന്ദോളനം തീർത്തു. നാടകീയ ഭാഷാശൈലികളുടെ ഉദാരതയാൽ സമൃദ്ധമാക്കപ്പെട്ട കാവ്യലോകമാണ് കെജിഎസ്സിന്റേത്. തീപടർന്ന മുൾക്കാടുകളുടെ മധ്യേ നിന്ന് മഴമേഘങ്ങളെ വരവേൽക്കുവാൻ വെമ്പുന്ന മനസിനുടമയാണീ കവി. കെടുതികൾ പെറ്റുകൂട്ടുന്ന വിശപ്പിൻറെ തള്ളപ്പിശാചാണ് കരിയിലകളെന്ന് ഓർമിപ്പിക്കുന്ന കവി വൃത്തികെട്ട കുഴികളിൽ തണുതണുത്ത് ചിതറിക്കിടക്കുന്ന കരിയിലകളുടെ കിടപ്പ് കണ്ട് തെറ്റിദ്ധരിക്കരുതെന്നും ഒരു ചെറുകാറ്റൂതിയാൽ ഭയങ്കരമായ ചുഴലിയുണ്ടാക്കി എല്ലാം അട്ടിമറിക്കാൻ അവയ്ക്ക് കെല്പുണ്ടെന്നും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. നിശബ്ദത നിരാലംബതയുടെ ലക്ഷണമായി വ്യാഖ്യാനിക്കരുതെന്നും ഒരു ചെറുകാറ്റിനു പോലും കൊടുങ്കാറ്റിന്റെ വേഗമാർജിക്കാനാവുമെന്നും മുന്നറിയിപ്പുനൽകുകയാണ് കവി. പ്രതീകകല്പനകളുടെ പനിരസംപൂണ്ട വാക്കുകളാൽ സംഘർഷഭരിതവും അസാധാരണവുമായ കാലകല്പനകൾ തീർക്കുന്ന കവിയാണ് കെ ജി ശങ്കരപ്പിള്ള. 

വിരുദ്ധവസ്തുതകളെ ഒന്നിപ്പിച്ചും കർതൃപദങ്ങൾക്കിണങ്ങാത്ത ക്രിയാപദങ്ങളൊരുക്കിയും വിശേഷ്യങ്ങൾക്കന്യമായ വിശേഷണം ചമച്ചും വൈരുദ്ധ്യങ്ങളുടെ ഏകീകരണം സാധ്യമാക്കുന്നതിൽ വിജയിച്ച കവിയാണിത്. സംസ്കൃതപദങ്ങളെ നാടൻ പദങ്ങളിലിണക്കിയും നാഗരിക വൈദേശിക പദങ്ങൾക്ക് ഇരിപ്പിടം തീർത്തും അനനുകരണീയ മാതൃകയിൽ കവിത രചിക്കുന്നതിൽ ശദ്ധാലുവായ കവിയാണ് ശങ്കരപ്പിള്ള.
മലയാളകവിതയിൽ കാലവിഭജനം സാധ്യമാക്കുംവിധത്തിൽ വ്യത്യസ്തമായൊരു രചനയാണ് കെ ജി ശങ്കരപ്പിള്ളയുടെ ബംഗാൾ. ടി എസ് എലിയട്ടിന്റെ വേസ്റ്റ് ലാന്റിനെ അനുസ്മരിപ്പിക്കും വിധത്തിൽ രചന നിർവഹിച്ച കവിതയാണിത്. മലയാളകവിതയിൽ പുതിയ സംവേദനശീലങ്ങൾക്ക് തുടക്കമിട്ട ഈ കവിത രചിച്ചിട്ട് അമ്പതാണ്ട് തികയുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ വിശദമാക്കുന്ന ഈ കവിത മഹാഭാരതത്തിലെ പ്രധാനകഥാപാതമായ ധൃതരാഷ്ടരുടെ വീക്ഷണത്തിലൂൻറെടെയാണ് രൂപം പ്രാപിക്കുന്നത്.
ബംഗാളിൽ നിന്നു മാത്രം ഒരു വാർത്തയുമില്ല
ബംഗാളിൽ നിന്നുമാത്രം
യാതൊന്നുമറിയുന്നില്ല
യാതൊന്നും
ഒന്നും.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ ബംഗാളാണ് കവിതയുടെ പശ്ചാത്തലം. ചെറുപ്പക്കാർ കൂട്ടമായി കൊല ചെയ്യപ്പെടുകയും വ്യാജഏറ്റുമുട്ടലുകൾ പതിവാകുകയും ചെയ്യുന്ന കാലമാണത്. വെയിൽ വ്യാഖ്യാനിക്കാൻ കഴിയാത്ത ഇരുൾപ്പുതപ്പിനുള്ളിലാണെന്ന് കവി വിഷാദിക്കുന്നു. 1972 ലാണ് ബംഗാൾ കവിത കെ ജി എസ് രചിക്കുന്നത്. ബംഗാളിലെ സവിശേഷമായൊരു രാഷ്ട്രീയസാഹചര്യത്തിൽ പ്രത്യയശാസ്തപരമായി ഉയർന്നുവരുന്ന അസന്ദിഗ്ധതതയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കവിതയാണിത്. കനുസന്യാലിന്റെയും ചാരുമജുംദാറിന്റെയും നേതൃത്തിൽ വിപ്ലവം തീതുപ്പിയ കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നൂ ബംഗാൾ. ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ അഗ്നി കോരിത്തരിച്ച നിമിഷങ്ങളായിരുന്നൂ അത്. നക്സൽബാരി പ്രസ്ഥാനം ചുവന്നുതുടുത്തു നിന്ന സ്വപ്നങ്ങൾ കാല്പനികക്കൂടുകളിൽ നിറച്ച കാലമായിരുന്നൂ അത്. ഇന്ത്യക്കു മേൽ വസന്തത്തിൻറെ ഇടിമുഴക്കം നിറച്ച നാളുകൾ. ചരിത്രത്തിലെ ആ സുവർണ നിമിഷത്തെയാണ് ബംഗാളെന്ന കവിതയിൽ കവി അവതരിപ്പിച്ചത്. ബംഗാളിന്റെ രാഷ്ട്രീയകിനാവുകൾ ഇന്ത്യൻ മനസ്സിലാകെ ഉയിരിട്ടുണർന്ന കാലംകൂടിയായിരുന്നു. ദാർശനികയുടെ തീയമ്പുകൾ വീണുകത്തിയ നാളുകളിലാണ് ബംഗാളെന്ന കവിത ആധുനികതയുടെ ദിവ്യശുദ്ധിയോടെ മലയാളത്തിൽ പിറന്നുവീണത്.
കാലം പഴയതല്ല
വിട്ടുവീഴ്ചകളില്ലആധുനികതയുടെ വരവറിയിച്ച
ചോരയ്ക്ക് ചോര തോക്കിന്
തോക്ക്
ധൈര്യത്തിന് ധൈര്യം
കാലം പഴയതല്ല, ചുടുവേനലാണ്
കലിയാണ്.
ഒരുപക്ഷേ ഇതായിരിക്കാം
കവി പറഞ്ഞ ആ കൂരകാലം.
വിപ്ലവപൂർവകാലത്തിന്റെ ഭ്രമാത്മകചിന്തകൾക്കിണങ്ങുന്ന ബിംബകല്പനയാൽ നിറഞ്ഞ കാവ്യംകൂടിയാണ് ബംഗാൾ. ആധുനികജനതയുടെ മടുപ്പിക്കുന്ന നിസംഗതയ്ക്കെതിരെ തിളച്ചുതൂവുന്ന കോപാഗ്നി കുടിയാണ് ബംഗാളെന്ന കവിആധുനികതയുടെ വരവറിയിച്ചത.
പക്ഷേ സഞ്ജയാ, കുട്ടികളോടുപോലും
എനിക്കെന്തോ പേടിതോന്നുന്നു
ഈ വേനൽ എന്നെ തിന്നുതീർക്കുന്നു
ഇലകൊഴിച്ചിലിന് വേഗമിരട്ടിക്കുന്നു
പൊടിപൂണ്ട തീക്കാറ്റുയരുന്നു
സ്വാതന്ത്രാനന്തര ഇന്ത്യയുടെ പ്രകാശലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ഇരുൾപരക്കുകയും ബദൽരാഷ്ട്രീയം ചർച്ചയാവുകയും ചെയ്ത കാലത്തെ ഓർമിപ്പിക്കുന്ന കവിതയാണ് ബംഗാൾ. രാഷ്ട്രീയരംഗത്തെ നിമ്നോന്നതികൾ, മധ്യവർഗജീവിതത്തിന്റെ അരക്ഷിതാവസ്ഥ, നക്സൽബാരി കലാപം എന്നിവയിലൂടെ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലം പ്രമേയമാക്കുന്നൂ ബംഗാളിൽ. സംസ്കാരത്തോടും ചരിത്രത്തോടും സംവദിക്കുന്ന കലാപകാലത്തിന്റെ ദുരന്തചിന്തകൾ പേറുന്ന ധ്വനികാവ്യനിർമിതിയാണ് ബംഗാൾ. അധികാരികളുടെ വിഷമചിന്തകൾ, പൊതുസമൂഹത്തിന്റെ വിമോചന മോഹങ്ങൾ, ആധിപത്യമേറ്റുന്ന വിപണിയുടെ കുടിലതന്ത്രങ്ങൾ എന്നിവയെല്ലാം ചേരുന്ന കവിതയാണിത്. കവിതയുടെ താളപ്പൊരുത്തം ഗദ്യത്തിന്റെ പുറന്തോടിലൊട്ടിച്ച് ആസ്വാദനത്തിന്റെ സംവേദനക്കുരുക്കിൽ വായനക്കാരനെ തളച്ചിടുന്ന ഒടിവിദ്യ കൈവശപ്പെടുത്തിയ കവിയാണ് കെജിഎസ്. കലർപ്പിന്റെ ആഖ്യാനപ്പലമകൾ കൊണ്ട് ഉയിർപ്പിന്റെ ജീവശാസ്തം രചിച്ച കെ ജി ശങ്കരപ്പിള്ളയുടെ ബംഗാൾ മലയാളകവിതയിൽ ആധുനികതയുടെ വരവറിയിച്ച കവിതകൂടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.