Site icon Janayugom Online

ഇലക്ടറല്‍ ബോണ്ട്; 22 ഘട്ട വില്പനയില്‍ 13ലും ബിജെപി മുന്നില്‍

ഇലക്ടറല്‍ ബോണ്ട് വില്പനയുടെ 22 ഘട്ടങ്ങളില്‍ 13 ലും ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച രേഖ അനുസരിച്ച് 2019 ഏപ്രില്‍ ഒമ്പത് മുതല്‍ 2024 ജനുവരി 30 വരെയുള്ള കാലഘട്ടത്തിലാണ് 22 തവണ ബോണ്ട് വില്പന നടന്നത്.
2018ല്‍ ഇലക്ടറല്‍ ബോണ്ട് ആരംഭിച്ചത് മുതല്‍ 30 ഘട്ടം വില്പന നടന്നു. 16,518 കോടി സംഭാവനകള്‍ ഇതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചുവെന്നും നേരത്തെ കണക്കുകള്‍ പുറത്തുവന്നിരുന്നു. തുടക്കം മുതല്‍ 2019 ഏപ്രില്‍ 12 വരെയുള്ള കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെയാണ് പുറത്തുവിട്ടത്. 4000 കോടി രൂപയാണ് ഈ കാലയളവില്‍ വിറ്റ ബോണ്ടുകളുടെ മൂല്യം. ഈ വിവരങ്ങള്‍ കണക്കില്‍ ഉള്‍പ്പെടുന്നില്ല.

22 ഘട്ട വില്പനയിലെ നാല് ഘട്ടത്തില്‍ മാത്രം ബിജെപിക്ക് 3,012 കോടി ലഭിച്ചു. 2023 ഒക്ടോബറിലെ 28-ാം ഘട്ട ബോണ്ട് വില്പനയില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്‍പന്തിയില്‍ എത്തിയത്. അഞ്ച് നിയമസഭകളിലേക്കാണ് ആ സമയം തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. 2022 നവംബര്‍ മാസത്തില്‍ നടന്ന ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് വേളയില്‍ ബിജെപിക്കായിരുന്നു കൂടുതല്‍ തുക ലഭിച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാര്‍ട്ടികളെ കടത്തിവെട്ടി ബോണ്ട് തുക പണമാക്കി മാറ്റിയതിലും ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്. 

പ്രാദേശിക പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, ബിജു ജനതാദള്‍ , വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് എട്ട് ഘട്ടത്തില്‍ ബോണ്ടുകള്‍ വഴി കൂടുതല്‍ തുക ലഭിച്ചത്. ബോണ്ട് വാങ്ങിയ ബിജെപി അടക്കമുള്ള എല്ലാ രാഷ്ടീയ പാര്‍ട്ടികളും തുക 15 ദിവസത്തിനകം മാറ്റിയെടുത്തതായും രേഖകളില്‍ പറയുന്നു. 

Eng­lish Sum­ma­ry: Elec­toral Bond; BJP is ahead in 13 out of 22 phas­es of sales
You may also like this video

Exit mobile version