ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തര നടപടികൾ കൈക്കൊണ്ടാൽ രോഗി രക്ഷപ്പെടുവാനുള്ള സാധ്യത മൂന്നിരട്ടി വരെ വർധിക്കുമെന്ന് ഹാർട്ട് റിഥം സൊസൈറ്റി സെക്രട്ടറിയും ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ആൻഡ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡോ. വിനിത അറോറ അഭിപ്രായപ്പെട്ടു. ലോകത്ത് സംഭവിക്കുന്ന 70 ശതമാനം ഹൃദയസ്തംഭനങ്ങളും വീടുകളിൽ വച്ചാണ് നടക്കുന്നതെന്നുംലോകമാകമാനം 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നുവെന്നും ഡോക്ടർ പറഞ്ഞു ഈ സാഹചര്യത്തിൽ ഹൃദയസ്തംഭനത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ 18ാമത് വാർഷിക സമ്മേളനത്തിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും (സഡൻ കാർഡിയാക്ക് അറസ്റ്റ് ) ഹൃദയാഘാതവും (ഹാർട്ട് അറ്റാക്ക്) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയും ഡോ. വിനിത അറോറ പറഞ്ഞു. പെട്ടെന്നുള്ള ഹൃദയസ്തംഭനം ബാധിക്കുന്ന ഒരു രോഗിക്ക് പൾസ് ഉണ്ടായിരിക്കില്ല എന്നും, ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന ഹൃദയസ്തംഭനം ഒഴികെയുള്ള എല്ലാ ഹൃദയാഘാതങ്ങൾക്കും പൾസ് ഉണ്ടായിരിക്കുമെന്നും ഡോ. വിനിത അറോറ പറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ച യുഎസിൽ നടന്ന ഒരു ടെന്നീസ് മത്സരത്തിനിടയിൽ 18 വയസ്സുള്ള മത്സരാർത്ഥി കുഴഞ്ഞുവീണ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ച ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ കൺസൾട്ടന്റ് ഇലക്‌ട്രോഫിസിയോളജിസ്റ്റ് ഡോ. എ എം കാർത്തിഗേശൻ, സമയോചിതമായി ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ ഇടപെടേണ്ടതെങ്ങനെയെന്ന് വിശദമാക്കി. വിദ്യാർത്ഥി കുഴഞ്ഞു വീണതും സഹതാരങ്ങൾ ഉടനെ സിപിആർ നൽകുകയും ചെയ്തു. തുടർന്ന് കോച്ച് എ ഇ ഡി (ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ) സംവിധാനം എത്തിക്കുകയും വൈദ്യസഹായം ആവശ്യപ്പെടുകയും ചെയ്തു. സമയോചിതമായ സഹതാരങ്ങളുടെയും കോച്ചിന്റെയും ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചു. ഇത്തരത്തിൽ സമയോചിതമായി ഇടപെട്ടാൽ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നതിന്റെ നിരക്ക് മൂന്നിരട്ടി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ. എ എം കാർത്തിഗേശൻ കൂട്ടിച്ചേർത്തു. ഹൃദയസ്തംഭനം ഉണ്ടാകുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ പ്രകടമായി ഉണ്ടായിരിക്കില്ലെന്നും, 30 വയസ്സു മുതൽ ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത വർധിച്ചുവരികയും 50 വയസ്സിനും 70 വയസ്സിനും ഇടയിൽ വളരെ കൂടുതലാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിലേക്ക് രക്തം നൽകുന്ന ധമനികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ മൂലം ചെറുപ്പക്കാർക്കടക്കം ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യതയേറുന്നു. എന്നാൽ ഈ രോഗങ്ങൾ സമയത്തിന് കണ്ടെത്തി ചികിത്സിക്കുവാൻ സാധിക്കാത്തത് പ്രശ്നത്തെ ഗുരുതരമാക്കുന്നുവെന്നും അതിനെ തടയുന്നതിന് വേണ്ടിയാണ് കൃത്യസമയത്തുള്ള ചികിത്സാ പദ്ധതികൾ ഹാർട്ട് റിഥം സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നതെന്നും ഡോ. എ എം കാർത്തിഗേശൻ പറഞ്ഞു.
English Summary: Emergency intervention in cardiac arrest triples the chance of survival
You may like this video also