Site iconSite icon Janayugom Online

തീയേറ്ററുകൾ നിറച്ചു എമ്പുരാൻ എത്തി; കേരളത്തിൽ 750ഓളം സ്‌ക്രീനുകളിൽ പ്രദര്‍ശനം

മോഹൻലാൽ‑പൃഥ്വിരാജ് ടീമിന്റെ സ്വപ്ന ചിത്രമായ എമ്പുരാൻ എത്തി, തീയേറ്ററുകൾ നിറച്ചു. കേരളത്തിൽ 750-ഓളം സ്‌ക്രീനുകളിൽ ആദ്യ പ്രദർശനം പൂർത്തിയായി. ഇന്ന് രാവിലെ ആറുമണിയോടെയാണ് ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തിയത്. 

‘എമ്പുരാന്‍’ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തീയേറ്ററുകളിലും മോഹൻലാൽ ഫാൻസിന്റെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാന്‍’ ഭേദിച്ചിരുന്നു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയെന്നായിരുന്നു അവകാശവാദം. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. മാത്രമല്ല, 58 കോടിയിലേറെ രൂപയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്.

Exit mobile version