നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എൻഡിഎക്ക് മേൽക്കൈയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നും ചാണക്യ എക്സിറ്റ് പോൾ ഫലം പുറത്ത് വിട്ടു .ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച ഭാരത് പ്ലസ് എക്സിറ്റ് പോൾ ഫലത്തിന് പിന്നാലെ മഹാരാഷ്ട്രയിലും എൻഡിഎക്ക് സന്തോഷിക്കാനുള്ള ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോൾ ഡയറി എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 ‑195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85–112 സീറ്റ് നേടും. മറ്റുള്ളവർ 8–10 സീറ്റുകളിൽ വിജയിക്കും. മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം. മഹായുതി സഖ്യം 128–142 സീറ്റും മഹാ അഗാഡി സഖ്യം 125–140 സീറ്റ് വരെയും നേടും. ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് എക്സിറ്റ് പോൾ ഫലം പ്രകാരം ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. സംസ്ഥാനം ഇപ്പോൾ ഭരിക്കുന്നത് ജെഎംഎം-കോൺഗ്രസ് സഖ്യമാണ്.
കോൺഗ്രസിന് സംസ്ഥാനത്ത് ഒൻപത് സീറ്റാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എജെഎസ്‌യു നാല് സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോൾ ഫലം പറയുന്നു. ടൈംസ് നൗ എക്സിറ്റ് പോളും സമാന ഫലം പ്രവചിക്കുന്നു. എൻഡിഎക്ക് 40 മുതൽ 44 വരെ സീറ്റും ഇന്ത്യ മുന്നണിക്ക് 30 മുതൽ 44 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവർ ഒരു സീറ്റിൽ ഒതുങ്ങും. പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലവും ജാർഖണ്ഡിൽ എൻഡിഎ അധികാരം പ്രവചിക്കുന്നു. 47 സീറ്റാണ് എൻഡിഎക്ക് ലഭിക്കുക. ഇന്ത്യ മുന്നണിക്ക് 31 സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. ജാർഖണ്ഡ് ഇന്ത്യാസഖ്യം തൂത്തു വാരുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 53 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് പ്രവചനം പറയുന്നു.