സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം 90 ശതമാനത്തോളം പൂര്‍ത്തിയായതോടെ പൊളിഞ്ഞത് പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്നൊരുക്കിയ വ്യാജപ്രചാരണങ്ങള്‍. 14 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെത്തുടര്‍ന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പാവപ്പെട്ട ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനം. ഓണക്കിറ്റ് വിതരണം തുടങ്ങിയതുമുതല്‍ വ്യാപകമായ പ്രചാരണങ്ങളാണ് ഇതിനെതിരെയുണ്ടായത്. ഓണക്കിറ്റ് വിതരണം താറുമാറായെന്നുള്‍പ്പെടെ പ്രചരണമുണ്ടായെങ്കിലും സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തി. 5,87,691 എഎവൈ കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ കോട്ടയം ജില്ലയിലെ 37031 എഎവൈ കാര്‍ഡുകള്‍ക്ക്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ ഏഴ് മണിക്ക് ശേഷമാണ് ഈ തടസം നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. ഇവയൊഴിവാക്കിയുള്ള കാര്‍ഡുകളില്‍ 90 ശതമാനത്തോളം പേര്‍ക്ക് കിറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തുള്ള എഎവൈ കാര്‍ഡുകാരില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയുള്ളവര്‍ കൃത്യമായി പ്രതിമാസ റേഷന്‍ കൈപ്പറ്റാറില്ലെന്നതാണ് വസ്തുത. മുമ്പ് കിറ്റ് നല്‍കിയിരുന്നപ്പോഴും ഇത് വാങ്ങാത്തവരായ എഎവൈ കാര്‍ഡുടമകള്‍ പലരുമുണ്ടെന്നതാണ് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ വകുപ്പ് പരിശോധിച്ചുവരികയാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ ചെറിയ ഒരു വിഭാഗം പേര്‍ക്ക് മാത്രമാണ് ഇന്നലെവരെ ഓണക്കിറ്റ് ലഭിക്കാത്തതെന്ന് വ്യക്തമാകുന്നു. അതിനിടെ, സപ്ലൈകോ ഓണം ഫെയറുകളില്‍ സാധനങ്ങളില്ലെന്നുള്ള പ്രചാരണം, അഭൂതപൂര്‍വമായ തിരക്കും വില്പനയിലെ വന്‍ കുതിച്ചുചാട്ടവും വ്യക്തമായതോടെ തകര്‍ന്നുവീണിരുന്നു. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സൗജന്യഓണക്കിറ്റ് നല്‍കുന്നുവെന്ന പ്രചാരണവും പൊളിഞ്ഞതോടെ പ്രതിപക്ഷം അങ്കലാപ്പിലായി.
English Sammury: The false propaganda of the opposition has fallen apart