Site iconSite icon Janayugom Online

രണ്ട് ലക്ഷം കോടി കടക്കുന്ന ചരിത്ര ബജറ്റ്

സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2,00,354 കോടിയുടേതാണ് ബജറ്റ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,17,000 കോടിയായിരുന്നു ശരാശരി ബജറ്റ് ചെലവ്. നിലവിലത് 1,64,000 കോടിയിലേക്ക് ഉയർന്നു. നടപ്പു വർഷം കഴിയുമ്പോൾ ചെലവ് കൂടുതൽ ഉയരും. ഈ വർഷം 1.79 ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022–23 ൽ നാല് ശതമാനം കടമെടുപ്പ് അവകാശമുണ്ടായിരുന്നുവെങ്കിലും 2.5 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിച്ചത്. 2023–24 ൽ 2.99, 2024–25 ൽ 3.5 ശതമാനം വീതമാണ് കടമെടുത്തത്. കൃത്യമായ മാനദണ്ഡത്തിൽ നിന്നുകൊണ്ടുതന്നെ സംസ്ഥാന ചെലവുകൾ നിർവഹിക്കാൻ കഴിയുന്നു. എന്നാൽ അടുത്ത സാമ്പത്തികവർഷത്തേക്ക് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള ബജറ്റിലും കേരളത്തിന് അർഹതപ്പെട്ട ധനവിഹിതങ്ങൾ മാറ്റിവച്ചിട്ടില്ല. അഞ്ച് ലക്ഷം കോടിയോളം രൂപ അധികമായി വിഭജിച്ച് നൽകുമെന്നാണ് കേന്ദ്ര ബജറ്റിൽ പറയുന്നത്. കേരളത്തിന് അർഹതപ്പെട്ട 2.9 ശതമാനം അംഗീകരിച്ചാൽത്തന്നെ 14,000 കോടിയെങ്കിലും സംസ്ഥാന വിഹിതമായി കിട്ടേണ്ടതുണ്ട്. എന്നാൽ വെറും നാലായിരത്തോളം കോടി മാത്രമാണ് സംസ്ഥാനത്തിന് വകയിരുത്തലുള്ളത്.

ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ അവശ്യ ചെലവുകളെല്ലാം നിർവഹിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്. കൂലി, വേതനം, സ്റ്റൈപന്റുകൾ, സ്കോളർഷിപ്പുകൾ, പെൻഷനുകൾ ഉൾപ്പെടെ ഒരാനുകൂല്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി കുറയ്ക്കില്ല.
എന്നാൽ ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളിൽ വർധന വേണമെന്ന ആവശ്യമുണ്ട്. കുടിശികയുള്ളത് ആദ്യം നൽകുക, വർധന അതിനുശേഷം പരിഗണിക്കുക എന്നതാണ് നിലപാട്. റബ്ബർ, നെല്ല്. ഉൾപ്പെടെയുള്ളവയുടെ തറവില വർധന അടക്കമുള്ളകാര്യങ്ങളും ഭാവിയിൽ പരിഗണിക്കും.
പദ്ധതി വെട്ടിക്കുറച്ചുവെന്നതും പദ്ധതി ചെലവ് ഇല്ലെന്നുള്ളതും തികച്ചും അടിസ്ഥാനരഹിത ആരോപണമാണ്. ഫെബ്രുവരി ആദ്യമായപ്പോഴേക്കും മൊത്തം പദ്ധതി ചെലവ് 63 ശതമാനം കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 68 ശതമാനവും കടന്നിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങളെല്ലാം നിശ്ചയിച്ച രൂപത്തിൽ തന്നെ പൂർത്തീകരിക്കാനാകും. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടും കാൽനൂറ്റാണ്ടെങ്കിലും മുന്നിൽ കണ്ടുമാണ് അടുത്ത സാമ്പത്തികവർഷത്തിലേക്കുള്ള പദ്ധതി പ്രവർത്തനത്തെ സമീപിച്ചിട്ടുള്ളത്. കേരളത്തെ കൂടുതൽ ശക്തമാക്കുന്നതും തൊഴിലവസരം വർധിപ്പിക്കാനുതകുന്നതും കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളടക്കം ശക്തിപ്പെടുത്താനുതകുന്നതുമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാൻ കഴിയുന്ന വ്യവസായ സംരംഭങ്ങൾക്കും തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരിഷ്കരണത്തിന് ശേഷം 2025–26വർഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്

റവന്യുവരവ് 1,52,351.67കോടി,
റവന്യു ചെലവ് 1,79,476.20കോടി
റവന്യുകമ്മി 27,124.53കോടി
മൂലധനചെലവ് 16,871.8കോടി
കടം 40,842.21കോടി
ഇന്നലെ പ്രഖ്യാപിച്ച
അധികചെലവ് 35.6കോടി
അധികവിഭവസമാഹരണം 369.4കോടി
അധികചെലവ് 1,820.50കോടി

Exit mobile version