സിറ്റിങ് എംഎൽഎ പി വി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിർദേശം നൽകി. ഇതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മേയിൽ ഉണ്ടാകുമോ എന്ന സംശയം ഉയരുകയാണ്.
കേരളം കൂടാതെ ഗുജറാത്ത്, ബംഗാൾ, മണിപുർ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവടങ്ങിൽ രണ്ടു മണ്ഡലങ്ങളിലും ബംഗാൾ, മണിപ്പുർ, കേരളം, പഞ്ചാബ് എന്നിവടങ്ങളിൽ ഓരോ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്. കരട് വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം. എതിർപ്പുകളും പരാതികളും ഏപ്രിൽ 8 മുതൽ 24 വരെ ഉന്നയിക്കാം. പരാതികൾ മേയ് രണ്ടിനുള്ളിൽ പരിഹരിച്ച് അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2,700 വോട്ടുകൾക്കാണ് പി വി അൻവർ കോൺഗ്രസിലെ വി വി പ്രകാശിനെ പരാജയപ്പെടുത്തിയത്.