മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ 103-ാം ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധി പുനഃപരിശോധനയ്ക്കായി പൂര്‍ണ ബെഞ്ചിന് വിടണമെന്ന് സിപിഐ. ജാതി സെൻസസിന്റെ അഭാവത്തിൽ, മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിർണയിക്കുന്നതിനുള്ള കണക്കുകള്‍ മാനദണ്ഡങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ, എസ്‌സി, എസ്‌ടി, ഒബിസി സംവരണത്തിൽ വിധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള പ്രസക്തമായ ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വിധിയുടെ വ്യക്തതയ്ക്കും ഭരണഘടനാപരമായ യോഗ്യതയ്ക്കുമായി സുപ്രീം കോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക കണക്കിലെടുത്ത് പുനഃപരിശോധനയ്ക്കായി പൂര്‍ണ ബെഞ്ചിന് വിടണം. ജാതിരഹിതവും വർഗരഹിതവുമായ സമൂഹത്തിന് വേണ്ടിയാണ് സിപിഐ നിരന്തരം പോരാടുന്നത്. സമത്വത്തിനും സാമൂഹിക നീതിക്കും ജാതി ഉന്മൂലനത്തിനും വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നത്. സംവരണത്തിന് പിന്നിലെ നിയമനിർമ്മാണ ഉദ്ദേശ്യം ദാരിദ്ര്യ നിർമ്മാർജ്ജനമല്ല, മറിച്ച് നമ്മുടെ സമൂഹത്തിലെ ചരിത്രപരമായി വിവേചനം നേരിടുന്നവരും നീതി നിഷേധിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് അനുകൂലമായ നടപടിയായിരുന്നു. നിലവിലെ ഭരണകൂടം സ്വകാര്യവൽക്കരണം തീവ്രമായി പിന്തുടരുമ്പോള്‍ സ്വകാര്യമേഖലയിലെ സംവരണത്തിനായുള്ള പോരാട്ടം കൂടുതൽ ശക്തിയോടെ തുടരണമെന്നും സിപിഐ ആഹ്വാനം ചെയ്തു.
English Summary: Financial reservation verdict: should leave it to the full bench, CPI
You may also like this video