കാസര്‍കോഡ് കടയിലിരുന്ന അഞ്ച് പേര്‍ക്ക് ഇടിമിന്നലേറ്റു.ബോങരഹിതരായ ഇവരെ ആശുപത്രിയിലെത്തിച്ചു. ബേഡകം വാവടുക്കം സ്വദേശികളായ ജനാര്‍ദ്ദനന്‍, പി.കൃഷ്ണന്‍, കുമാരന്‍, അംബുജാക്ഷന്‍, ബേഡകം സ്വദേശി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ വാവടുക്കം പാലത്തിനുസമീപത്തെ ജനാര്‍ദ്ദനന്റെ പലചരക്കുകടയിലാണ് അപകടമുണ്ടായത്. മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ മിന്നലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രാമചന്ദ്രനും കടയില്‍ ഇരിക്കുകയായിരുന്ന മറ്റു നാലുപേരും ബോധരഹിതരായി വീഴുകയായിരുന്നു.
കടയിലിലുണ്ടായിരുന്നവര്‍ ബോധരഹിതരായി കിടക്കുന്നതും കടയില്‍ നിന്ന് പുക ഉയരുന്നതും കണ്ട് ആശങ്കയിലായ നാട്ടുകാര്‍ ഉടന്‍തന്നെ പരിക്കേറ്റവരെയും കൊണ്ട് കാറില്‍ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാല്‍ കല്യോട്ടിനു സമീപം കൈക്കോട്ടുംകുണ്ടില്‍ ശക്തമായ മിന്നല്‍ ഉണ്ടായതിനെതുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് റോഡിനു പുറത്തേയ്ക്കു പോവുകയും കല്ലില്‍ ഇടിച്ചുനില്‍ക്കുകയും ചെയ്തു. കാറിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. ഉടന്‍ തന്നെ മറ്റൊരു കാറില്‍ കാറിലുണ്ടായിരുന്നവരെ പെരിയ സാമൂഹ്യരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്നും മിന്നലേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറംഭാഗത്തും കൈയ്ക്കും പൊള്ളലേറ്റ കടയുടമ ജനാര്‍ദ്ദനെ അഡ്മിറ്റ് ചെയ്തു. കൈയ്ക്കും മറ്റും പൊള്ളലേറ്റ മറ്റുള്ളവര്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം രാത്രിയോടെ ആശുപത്രി വിട്ടു. ഇടമിന്നലില്‍ ജനാര്‍ദ്ദനന്റെ കടയിലെ മെയിന്‍ സ്വിച്ചും മീറ്ററും കത്തിനശിച്ചു.