Site iconSite icon Janayugom Online

യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു; ഡല്‍ഹി മുങ്ങി

ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തുകയാണ്. 208.46 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതിനെ പിന്നാലെയാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതെ തുടര്‍ന്ന് ഡല്‍ഹി പ്രളയഭീഷണിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപെടണമെന്ന് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകളും ഡല്‍ഹി സര്‍ക്കാര്‍ തുറന്നു.ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.

Eng­lish Sum­ma­ry: Flood­ing In Del­hi As Yamu­na Swells
You may also like this video

Exit mobile version