രാജ്യത്ത് നാല് കോടി ജനങ്ങള്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം 18 വരെ 17.43 കോടിയിലധികം (97.34 ശതമാനം) വാക്സിന്‍ ഡോസുകള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. വാക്സിന്‍ ഗുണഭോക്താക്കളായ എത്രപേര്‍ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന ചോദ്യത്തിനായിരുന്നു ആരോഗ്യ സഹമന്ത്രിയുടെ മറുപടി.
ഈ വര്‍ഷം മാര്‍ച്ച് 16 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിരപ്പോരാളികള്‍, 60 വയസിനു പ്രാമയുള്ളവര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ നിരക്കില്‍ മുന്‍കരുതല്‍ ( മൂന്നാം ഡോസ്) വാക്സിന്‍ ഡോസ് നല്‍കി തുടങ്ങി. 18–59 പ്രായപരിധിക്കിടയിലുള്ളവര്‍ക്ക് ഏപ്രില്‍ 10 മുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കിയിരുന്നു.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 75 ദിവസത്തെ സൗജന്യ മുന്‍കരുതല്‍ വാക്സിന്‍ യജ്ഞം ഈ മാസം 15 മുതല്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 98 ശതമാനത്തിന് ഒരു ഡോസും 90 ശതമാനത്തിന് രണ്ട് ഡോസും വാക്സിന്‍ നല്‍കിയിട്ടുണ്ട്.
English Summary:Four crore people are not vaccinated in the country
You may also like this video