Site iconSite icon Janayugom Online

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. 

കുടുംബാംഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാന മാർ​ഗം കണ്ടെത്തി നൽകാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക ശുശ്രൂഷ നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരി‍ഞ്ഞ് നടക്കുന്ന മാനസിക പ്രശ്നമുള്ളവര്‍ക്ക് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങൾ നൽകണം. മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം. 

പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോ​ഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോ​ഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോ​ഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാണുള്ളത്. 

അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകൾ ഇതിനകം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികൾ എന്നിവരുടെ വിവരങ്ങൾ എം ഐ എസ് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകൾക്ക് നൽകി. അവശ്യ വസ്തുകളും സേവനങ്ങളും വാതിൽപ്പടി സേവനം മുഖേന നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയർമാർ ഇതിന് സഹായിക്കുന്നുണ്ട്.

വരുമാനം ക്ലേശ ഘടകമായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്നതിന് ജോബ് കാർഡുകൾ വിതരണം ചെയ്തു. പശു വിതരണം, തയ്യൽ മെഷിൻ എന്നിവയും നൽകി. കുട്ടികൾക്ക് പുസ്തകം, പേന, കുട, ബാ​ഗ്, ചോറ്റുപാത്രം, ബോക്സ്, സ്റ്റീൽ വാട്ടർബോട്ടിൽ തുടങ്ങിയവ വിതരണം ചെയ്തു. 

2025 നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023,2024 വർഷങ്ങളിൽ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാ​ഗങ്ങളിൽ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.

യോ​ഗത്തിൽ മന്ത്രിമാരായ കെ എൻ ബാല​ഗോപാൽ, കെ രാജൻ, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, വിണാ ജോർജ്, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ആന്‍റണി രാജു എന്നിവരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ. വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Eng­lish Summary;Free trav­el for chil­dren from very poor fam­i­lies for edu­ca­tion­al purposes

You may also like this video

Exit mobile version