അമ്മയും അച്ഛനും അന്ത്യനിദ്രകൊള്ളുന്ന പുളിഞ്ചുവടും പരിസരവും കേരളത്തിന്റെ ചുവപ്പുതാരകത്തെ ഏറ്റുവാങ്ങാന്‍ സജ്ജമായിരിക്കുന്നു. പിന്നിലുണ്ടായിരുന്ന മാവ് പരുവത്തിന് കീറിയടുക്കിയിരിക്കുന്നു. കാനത്തിന്റെ അമ്മയെ അടക്കിയതും പിന്നെ അച്ഛനുവേണ്ടി ചിതയാളിയതും ഒക്കെ ഈ പുളിഞ്ചുവട്ടിലായിരുന്നു.
കൊച്ചുകളപ്പുരയിടത്തിന്റെ തെക്കുഭാഗത്തെ പുളിമരച്ചുവട് കാനത്തിന് ഏറെ പ്രിയപ്പെട്ട നിൽപ്പിടമായിരുന്നു. പലപ്പോഴും കൈയ്യിലൊരു സിഗരറ്റുമുണ്ടാകും. മഹാകവി പാലാ, മനസിൽ കവിതയ്ക്കിടം തേടുന്നത് പുളിമരച്ചുവട്ടിലിരുന്നാണെന്ന കാര്യമറിയുമോ എന്ന് ഇടയ്ക്ക് ചോദിക്കുമായിരുന്നു.
തെക്കുവശത്തു വെയിലേറ്റുനിൽക്കുന്ന പുളിമരത്തിന് അന്തരീക്ഷത്തിലുള്ള വിഷാണുക്കളെ നശിപ്പിക്കാനാകും. ചെറിയ ഇലകൾ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ തടഞ്ഞുനിർത്തുകയും ചെയ്യും. ചുണ്ടിലെരിയുന്ന സിഗരറ്റ് പുകഞ്ഞുകൊണ്ടേയിരിക്കും. സരസമായ മൂഡിലായിരുക്കും അപ്പോൾ സഖാവ്.
അച്ഛൻ വി കെ പരമേശ്വരൻ നായരുടെയും അമ്മ ടി കെ ചെല്ലമ്മയുടെയും ജീവിതകാലത്ത് പുരയിടം നിറയെ കപ്പവിളഞ്ഞുകിടന്ന ഓര്‍മ്മകള്‍ പറയും. കോട്ടയത്തെ വീട്ടമ്മമാർ കപ്പവേവിക്കുന്നതിന്റെ മേന്മപറയും. ഭക്ഷണം ആസ്വദിക്കാനുള്ള കോട്ടയംകാരന്റെ കഴിവും. തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോഴും കാനവും വാഴൂരും കാഞ്ഞിരപ്പള്ളിയും കോട്ടയവും നാട്ടുകാരും മറ്റെന്തിലുമേറെ പ്രിയപ്പെട്ടതായിരുന്നു സഖാവിന്.