Site iconSite icon Janayugom Online

അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ (24) നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ നാല് പേർ പൊലീസ് കസ്റ്റഡിയില്‍. പിടിയിലായവരിൽ രണ്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴാണ് സംഭവം. പുതിയകാവു ഭാഗത്ത് വെച്ച് അതുലും സുഹൃത്ത് മനുവും സഞ്ചരിച്ച കാറിനെ മറ്റൊരു ഗുണ്ടാ സംഘം പിന്തുടരുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിലെ താഴ്ചയിലേക്ക് മറിഞ്ഞതോടെ, പിന്തുടർന്ന സംഘം ആയുധങ്ങളുമായി ചാടിയിറങ്ങി അതുലിനെ വെട്ടിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മനുവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

കരുനാഗപ്പള്ളിയിലെ കടത്തൂർ സംഘവും ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘവും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിനിടെ കടത്തൂർ സംഘത്തിലെ രണ്ടുപേരെ അതുലും കൂട്ടാളികളും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. 

Exit mobile version