Site iconSite icon Janayugom Online

ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ, 28 സ്റ്റിച്ചുകൾ; പീഡനത്തിനിരയായ 5 വയസുകാരി ജീവനായി പോരാടുന്നു

കൗമാരക്കാരനായ അയൽവാസിയുടെ പീഡനത്തിന് ഇരയാക്കപ്പെട്ട അഞ്ച് വയസുകാരി മധ്യപ്രദേശിലെ ഗ്വാളിയാറിലെ ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി പോരാടുന്നു. ഈ മാസം 22ന് ശിവ്പുരി ജില്ലയിലായിരുന്നു ദാരുണ സംഭവം. ബലാത്സംഗത്തിന് ഇരയായ കുട്ടിക്ക് ആന്തരിക ആഘാതം, കടിയേറ്റ പാടുകൾ, തലയിലെ മുറിവുകൾ, ജനനേന്ദ്രിയത്തിൽ 28 സ്റ്റിച്ചുകൾ എന്നിവയുൾപ്പെടെ ഗുരുതരമായ പരിക്കുകൾ ഉണ്ടായതായി കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. 

ഫെബ്രുവരി 22ന് വൈകുന്നേരം കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം കുട്ടിയുടെ വീട്ടിൽ നിന്നും അധികം അകലെയല്ലാത്ത ഉപേക്ഷിക്കപ്പെട്ട ഒരു വീടിൻറെ ടെറസിൽ രക്തം വാർന്ന് അബോധാവസ്ഥയിലായ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അയൽവാസിയായ 17കാരൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി കുട്ടിയുടെ തല നിരന്തരം ചുമരിലും തറയിലുമായി അടിക്കുകയും മുഖത്തും ശരീരത്തിലും കടിക്കുകയും സ്വകാര്യ ഭാഗങ്ങൾ രണ്ടായി പിളരുന്ന തരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തതായി കുഞ്ഞിനെ ചികിത്സിക്കുന്ന ഗ്വാളിയാറിലെ കലമരാജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. 

കുട്ടിയുടെ ജീവന് ഭീഷണിയായ മുറിവുകൾ പരിഹരിക്കുന്നതിനായി 2 മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയാണ് നടത്തിയത്. കൃത്രിമ മലദ്വാരം ഉണ്ടാക്കുന്നതിനായി ഡോക്ടർമാർക്ക് കുട്ടിയുടെ വൻകുടൽ മുറിക്കേണ്ടി വന്നു. 

കുഞ്ഞിന്റെ കുടുംബം പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ മുത്തശ്ശൻ ആവശ്യപ്പെട്ടു. പ്രതി മുതിർന്ന ആളാണെന്നും പ്രതിയെ പൊലീസ് 17 വയസുള്ള ആൺകുട്ടി എന്ന് വിശേഷിപ്പിച്ചത് വസ്തുതാ വിരുദ്ധമാണെന്നും കുടുംബം ആരോപിച്ചു. 

Exit mobile version