Site icon Janayugom Online

തിരുവോണപുലരിയെ വരവേല്‍ക്കാം !!

ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിക്കുന്ന “വിശ്വമാനവികതയുടെ ലോകപൂക്കള മത്സരം” ( മൂന്നാം സീസണിന്റെ വെബ്സൈറ്റ് ( https://www.keralatourism.org/contest/pookkalam2023 )ഉദ്ഘാടനം നടത്തി പ്രൗഢഗംഭീരമായ പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടു പോകുകയാണ്. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ലോകപൂക്കള മത്സരം (2023) ലോകത്താകമാനമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും പങ്കെടുക്കുവാന്‍ സുവര്‍ണാവസരം ലഭിച്ചിരിക്കുന്ന ഈ വേളയില്‍ മലയാളികളായ ഏവര്‍ക്കും ഓണാശംസകളാകുന്ന ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ തിരുവോണ പൊന്‍പുലരിയെ നമുക്ക് വരവേല്‍ക്കാം.

കേരളത്തില്‍ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഓണം. ഗ്രിഗോറിയന്‍ കലണ്ടറില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും മലയാളം കലണ്ടറില്‍ ചിങ്ങമാസത്തിലുമാണ് ഓണം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍ ജാതി-മത-വര്‍ണ‑വര്‍ഗ‑ലിംഗ ഭേദമെന്യേ ഈ ഉത്സവം ആഘോഷിക്കുന്നുവെന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. ‘നാനാത്വത്തില്‍ ഏകത്വം’ ദര്‍ശിക്കുവാന്‍ കഴിയുന്നത് ഓണം നാളുകളിലാണ്. ഓണക്കാലം കേരളത്തിന് കിട്ടിയ വസന്തമെന്ന് അറിയപ്പെടുന്നു. ഓണവെയിലും ഓണനിലാവും വളരെ പ്രസിദ്ധമാണ്. ഓണത്തെക്കുറിച്ച് ധാരാളം ചൊല്ലുകളുണ്ടെങ്കിലും “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് എടുത്തുപറയേണ്ടതാണ്.
സമ്പല്‍സമൃദ്ധമായ പഴയകാലസ്മരണകളുടെ പ്രതീകമായിട്ടാണ് ഓണാഘോഷം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. വാമന വിജയത്തെ അടിസ്ഥാനമാക്കി ക്ഷേത്രോത്സവമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് ഗാര്‍ഹികോത്സവമായി മാറി. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാല്‍ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനെക്കാള്‍ വളരെ നേരത്തെതന്നെ മധുര ഉള്‍പ്പെട്ട തമിഴ്‌നാട്ടിലും മറ്റും ഓണാഘോഷം നടത്തിയിട്ടുള്ളതായി സംഘകൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകൃതിയായ “മധുരൈകാഞ്ചി” യിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശങ്ങള്‍ കാണുന്നത്. തിരുമാളി‍ (മഹാവിഷ്ണു)ന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളില്‍ പറയുന്നു. പിന്നീട് കാര്‍ഷികവും വാണിജ്യപരവുമായ ആഘോഷമായി മാറി. എന്നാല്‍ ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാന്‍ മഹാവിഷ്ണുവിന്റെ തിരുനാളാണ് തിരുവോണം. ഇന്നും വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്.
പഴയകാലത്ത് കര്‍ക്കടകമാസത്തിനുശേഷം ആകാശം തെളിയുന്ന ചിങ്ങമാസ കാലത്താണ് വിദേശ കപ്പലുകള്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി എത്തിയിരുന്നത്. അങ്ങനെയാണ് സ്വര്‍ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള അടിസ്ഥാന കാരണമെന്ന് ചരിത്രരേഖകള്‍ പരാമര്‍ശിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വിളവെടുപ്പിനെക്കാളും വ്യാപാരത്തിനായിരുന്നു പഴയകാലത്ത് പ്രാധാന്യം.

ഓണനാളുകളില്‍ ഉപ്പേരിയും പര്‍പ്പടകവും പായസവുമൊക്കെയായി വിഭവസമൃദ്ധമായ ഓണമുണ്ണാന്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ കാത്തിരിക്കുമെന്നത് ഓണത്തിന്റെ മാത്രം പ്രത്യേകതയാണ്. ഓണക്കാലത്തെ ഊഞ്ഞാലാട്ടം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഒരു വിനോദമാണ്. കൂടാതെ പുലിക്കളി, തുമ്പിതുള്ളല്‍, തിരുവാതിരക്കളി, പന്തുകളി, വള്ളംകളി തുടങ്ങിയവ ഓണക്കാലത്തെ മറ്റ് പ്രധാന കളികളാണ്.
ചുരുക്കത്തില്‍ മലയാളികള്‍ ഒരൊറ്റ മനസോടെ സ്നേഹമെന്ന അടിസ്ഥാന വികാരത്തിന് പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാധാന്യം നല്കി ഏകോദരസോദരരായി സര്‍വലോക മാനവമൈത്രി നിലനിര്‍ത്തി അതിര്‍വരമ്പുകളില്ലാതെ തികഞ്ഞ കൂട്ടായ്മയോട് ഒത്തുകൂടുന്ന ഓണം നാളുകള്‍ സമാനതകളില്ലാത്തതാണ്. അതിനാല്‍ വര്‍ത്തമാനകാലഘട്ടത്തില്‍ മാനവികതയ്ക്കും മാനവമൈത്രിക്കും ലോക സഹോദര്യത്തിനും ലോകസമൃദ്ധിക്കും ഐശ്വര്യത്തിനും ലോകസമാധാനത്തിനും ഏറ്റവും മികവുറ്റതും മാതൃകാപരവുമായ സംഭാവനകള്‍ നല്കുവാനാകുന്ന ഒരു യുവതയെ രൂപപ്പെടുത്തുവാന്‍ ഈ ഓണനാളുകള്‍ പര്യാപ്തമാകട്ടെ.

Exit mobile version