കേന്ദ്ര സർക്കാരിന്റെ ദൂതനായ ഗവർണർ സംസ്ഥാന സർക്കാരിന് എതിരെ പ്രവർത്തിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്ഭവന് മുമ്പിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംഘടിപ്പിച്ച ‘അഭിഭാഷകർ ഗവർണറെ ഭരണഘടന പഠിപ്പിക്കുന്നു’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിർദ്ദേശങ്ങളിലെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കാതെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലപാട് കേരളം തള്ളിക്കളയുമെന്ന് കാനം പറഞ്ഞു. ഭരണഘടനയിൽ ഗവർണർക്ക് പരിമിതമായ അധികാരങ്ങളേയുള്ളൂ. ജനങ്ങൾ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എടുക്കുന്ന തീരുമാനങ്ങളിൽ ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കണം.
പൊതുപ്രവർത്തനത്തിന്റെ ഭാഗമായി നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു സമരത്തില്‍ ഇത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖരായ നിരവധി പേർ ഗവർണർ പദവി അലങ്കരിക്കുന്നുണ്ട്. പലപ്പോഴും സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർക്ക് ഉണ്ടാകും. എന്നാൽ ഇതുപോലെ സർക്കാരിനെ നിരന്തരം വേട്ടയാടുന്ന ഗവർണർ ഇന്നുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് കാനം പറഞ്ഞു.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സർക്കാർ അധികാരത്തിൽ വന്ന ശേഷം അവര്‍ സ്വീകരിക്കുന്ന സമീപനങ്ങളുമായി സംസ്ഥാനങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് സത്യമാണ്. ഭരണഘടന സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിനെക്കുറിച്ച് വ്യക്തമായി നിർണയിച്ചിട്ടുണ്ട്. എന്നാലിന്ന് കേന്ദ്രസർക്കാർ ചെയ്യുന്നത് സംസ്ഥാനത്തിന്റെ അധികാരത്തിൽ കടന്നു കയറുകയും അതിനാവശ്യമായ നിയമങ്ങൾ ഉണ്ടാക്കുകയുമാണ്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പല സംസ്ഥാനങ്ങളും ചർച്ച നടത്തുന്ന സമയത്താണ് സംസ്ഥാന സർക്കാരിനെതിരായ തീരുമാനങ്ങൾ ഗവർണർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. സി ബി സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു. ഐഎഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിജിസ് ഫാസിൽ സ്വാഗതവും പ്രതീഷ് മോഹൻ നന്ദിയും പറഞ്ഞു.
English Summary: Governor should learn constitutional values: Kanam
You may like this video also