കെഎസ്ആര്‍ടിസി ജീവനക്കാരെ ചേര്‍ത്തു നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം. ജീവനക്കാര്‍ക്കുവേണ്ടി കെഎസ്ആർടിസിയും എസ്ബിഐയും ചേർന്ന് നടപ്പാക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. കെഎസ്ആര്‍ടിസിയിലെ 22,095 സ്ഥിരം ജീവനക്കാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയുടെ വിഹിതം കെഎസ്ആർടിസിയാണ് മുടക്കുക. ഇന്‍ഷുറന്‍സിനായി ജീവനക്കാർ ഒരു രൂപ പോലും പ്രീമിയം അടയ്ക്കേണ്ടതില്ല. ജൂണ്‍ നാല് മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജീവനക്കാര്‍ അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപയും ഭാഗീക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കും. എയര്‍ ആക്സിഡന്റ് ആണെങ്കില്‍ ഒരു കോടി അറുപത് ലക്ഷം രൂപയും ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷുറന്‍സ് ആറ് ലക്ഷവും ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ് വരെ ഇത് പുതുക്കാം. ജീവനക്കാർക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു. അപകട ഇന്‍ഷുറന്‍സിനു പുറമെ റുപേ പ്ലാറ്റിനം ആന്റ് സെലക്ട് ഡെബിറ്റ് കാര്‍ഡ് ആനുകൂല്യം എന്ന പദ്ധതിയും ഉണ്ട്. ജീവിത ശൈലി, വിനോദം, ഇന്‍ഷുറന്‍സ് എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ആമസോണ്‍ പ്രൈം, സിനിമ ടിക്കറ്റ്, സ്വിഗ്ഗി, ആമസോണ്‍, സ്പാ, ജിം, ഗോള്‍ഫ് എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്ന സബ്സ്ക്രിപ്ഷനുകളും ഡിസ്ക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.
കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒന്നര വർഷത്തിൽ 56 പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കി. മുഴുവൻ ജീവനക്കാർക്കും ക്യാൻസർ പരിശാധന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കടുത്ത ജോലികൾ ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യപ്രശ്‌നമുള്ള ജീവനക്കാരെ മെഡിക്കൽ ബോർഡിന്റെ കൂടി നിർദേശപ്രകാരം കാറ്റഗറി മാറ്റം നൽകി ഓഫിസ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കും. അടുത്ത ഒരു മാസത്തിനുള്ളിൽ എല്ലാ ഡിപ്പോകളിലും സ്‌പെയർ പാർട്‌സുകളുടെ ലഭ്യത ഉറപ്പാക്കും. മെക്കാനിക്കൽ വിഭാഗങ്ങളുടെ കൃത്യമായ പ്രവർത്തനങ്ങളുടെ ഫലമായി 487 വണ്ടി മാത്രമാണ് നിലവിൽ പ്രവർത്തനരഹിതമായി വർക്ക്‌ഷോപ്പുകളിൽ ഉള്ളത്. ഇരുപത് ഡിപ്പോകളിൽ വർക്ക്‌ഷോപ്പിലുള്ള വണ്ടികൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്. എല്ലാ ഡിപ്പോകളിലും ബസുകളിലും നിരീക്ഷണ കാമറ സജ്ജീകരണം ഉറപ്പാക്കും. കാമറകളുടെ നിരീക്ഷണത്തിനു കേന്ദ്രീകൃത സംവിധാനവും സജ്ജമാക്കുമെന്നു മന്ത്രി പറഞ്ഞു.
ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ബോർഡ് സ്ഥാപിച്ച് ബസിന്റെ ലൊക്കേഷൻ ഉള്‍പ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കും. മൊബൈൽ അപ് വഴി ലൈവ് ട്രാക്കിങ്ങും ടിക്കറ്റ് ബുക്കിങ്ങും നടപ്പിലാക്കും. കെഎസ്ആർടി സിയുമായി ബന്ധപ്പെട്ട നിലവിലുള്ള ആപ്പുകൾ തയ്യാറാക്കിയ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിയുമായി ബന്ധപ്പെടണമെന്നും അത്തരം ആപ്പുകളുടെ ഉപയോഗ സഹകരണ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇങ്ങനെ (ബോക്സ്)
* പ്ലാസ്റ്റിക് സര്‍ജറി-പത്ത് ലക്ഷം വരെ
* ഇറക്കുമതി മരുന്നുകളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്-അഞ്ച് ലക്ഷം വരെ
* പോസ്റ്റ് കോമ-(48 മണിക്കൂര്‍)-അഞ്ച് ലക്ഷം
* എയര്‍ ആംബുലന്‍സ് കവര്‍-പത്ത് ലക്ഷം
* മരിച്ചവരുടെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായം-പത്ത് ലക്ഷം വരെ
* പെണ്‍കുട്ടികളുടെ വിവാഹം-പത്ത് ലക്ഷം വരെ (ഒരു കുട്ടിയ്ക്ക് പരമാവധി അഞ്ച് ലക്ഷം വരെ)
* അപകടത്തിനുശേഷമുള്ള കുടുംബത്തിന്റെ യാത്രാചെലവ്-50,000
* മൃതദേഹം നാട്ടിലെത്തിക്കല്‍-50,000
* ആംബുലന്‍സ് ചെലവ്-50,000
* വിദേശത്ത് ജോലി നിര്‍വഹിക്കുമ്പോഴുള്ള മരണം-പത്ത് ലക്ഷം

