Site iconSite icon Janayugom Online

പിഎസ്‌സി നിയമനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍

പിഎസ്‌സി റാങ്ക് പട്ടികകളില്‍ നിന്ന് പരമാവധി നിയമനങ്ങള്‍ നടത്തുകയെന്ന പ്രഖ്യാപിത നയം കര്‍ശനമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍.
മുഴുവന്‍ ഒഴിവുകളും ഉണ്ടാകുന്ന മുറയ്ക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഓരോ വര്‍ഷത്തെയും പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച നേട്ടമാണ് പുതിയ നിയമനങ്ങളില്‍ ഉണ്ടായത്. ഈ വര്‍ഷം ഒമ്പത്‌ മാസത്തിനുള്ളിൽ 22,370 പേർക്കാണ് നിയമന ശുപാർശ നൽകിയത്‌. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇതുവരെ 60,164 പേരെയാണ് പിഎസ്‌സി വഴി നിയമിച്ചത്. ഈ പ്രവര്‍ത്തനം കുറേക്കൂടി ഊര്‍ജിതമാക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം ഒട്ടുമിക്ക വകുപ്പുകളും സ്ഥാപനങ്ങളും കൃത്യമായി പാലിച്ചുവരുന്നുണ്ടെങ്കിലും ചുരുക്കം ചിലയിടങ്ങളില്‍ കാലതാമസമുണ്ടാകുന്നതായി സര്‍ക്കാര്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ്, പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് യഥാസമയം നിയമനം നടത്തുന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് മുതലായ കോമണ്‍ കാറ്റഗറി തസ്തികകളില്‍ ഉള്‍പ്പെടെ എല്ലാ തസ്തികകളിലെയും പിഎസ്‌സി മുഖേന നിയമനം നടത്തേണ്ടതായ എല്ലാ ഒഴിവുകളും, പിഎസ്‌സി മുഖാന്തിരം നിയമനം നടത്തുന്ന കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്, യൂണിവേഴ്സിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ഒഴിവുകളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും പൊതുമേഖല/സഹകരണ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. പിഎസ്‌സിയുടെ ഇ‑വേക്കന്‍സി സോഫ്റ്റ്‌വേര്‍ മുഖേനയാണ് ഒഴിവുകള്‍ അറിയിക്കേണ്ടത്. സര്‍ക്കാരിന്റെ സുപ്രധാനമായ നയത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

Eng­lish Summary:Govt to speed up PSC recruitment
You may also like this video

Exit mobile version