കനത്ത ചൂടും ഉയര്‍ന്ന വായു മലിനീകരണതോതും ഹൃദയാഘാത മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം. ഉഷ്ണതരംഗത്തോടൊപ്പം വായുഗുണനിലവാരം മോശമാകുന്ന ദിനങ്ങളില്‍ ഹൃദയാഘാത മരണവും കൂടുതലാണ്. അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷൻ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ചൈനയിലെ ജാങ്സു പ്രവശ്യയില്‍ 2015 മുതല്‍ 2020 വരെ ഉണ്ടായ 202,678 ഹൃദയാഘാത മരണങ്ങള്‍ പഠനം വിലയിരുത്തി. ഉയര്‍ന്ന താപനില, പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5 എന്നിവ കണക്കാക്കിയാണ് ഈ പ്രദേശം തിരഞ്ഞെടുത്തത്. പിഎം 2.5 കൂടിനില്‍ക്കുന്ന സമയങ്ങളില്‍ ഉയര്‍ന്ന താപനിലയുടെ സ്വാധീനവും അല്ലാത്ത സമയങ്ങളും ഗവേഷകര്‍ വിലയിരുത്തി. പിഎം 2.5ന്റെ അളവ് 37.5 മൈക്രോഗ്രാമിന് മുകളില്‍ ഉള്ള ദിവസങ്ങളെ മലിനീകരണ തോത് കൂടുതലുള്ള ദിവസമായി കണക്കാക്കിയായിരുന്നു പഠനം.
ശരാശരി 77.6 വയസ്സിന് മുകളിലുള്ള ആളുകളിലാണ് ഹൃദയാഘാതം കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ 50 ശതമാനം 80 വയസിന് മുകളിലാണ് 52 ശതമാനം പേര്‍ പുരുഷന്മാരുമാണ്. ഉഷ്ണതരംഗം, ഉഗ്ര ശൈത്യം, ഉയര്‍ന്ന മലിനീകരണ തോത് എന്നിവയുടെ സാന്നിധ്യം സ്ത്രീകളിലും വയോജനങ്ങളിലും ഹൃദയാഘാത മരണ സാധ്യത വര്‍ധിപ്പിക്കുന്നു. ഉഷ്ണ തരംഗം നാല് ദിവസത്തില്‍ കൂടുതലായി നില്‍ക്കുകയും പിഎം സാന്നിധ്യം ക്യുബിക് മീറ്ററില്‍ 37.5 മൈക്രോഗ്രാമിന് മുകളില്‍ ഉണ്ടാകുകയും ചെയ്താല്‍ മരണ സാധ്യത രണ്ടിരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം പിഎം മലിനീകരണം 37.5 മൈക്രോഗ്രാമിന് താഴെയായിരിക്കണം. ഇതിന് മുകളില്‍ മലിനീകരണമുണ്ടാകുന്നതും ഉയര്‍ന്ന താപനിലയുമാണ് 2.8 ശതമാനം ഹൃദയാഘാത മരണങ്ങള്‍ക്കും കാരണമെന്നും പഠനം വ്യക്തമാക്കുന്നു. ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ വീടിനുള്ളില്‍ തുടരുക, ഫാൻ, എസി എന്നിവ ഉപയോഗിക്കുക, കാലാവസ്ഥക്കനുയോജ്യമായി വസ്ത്രം ധരിക്കുക, ധാരാളമായി വെള്ളം കുടിക്കുക, വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പരിഹാര മാര്‍ഗങ്ങളെന്നും പഠനം വ്യക്തമാക്കുന്നു.
english summary; Heat and pollution can double heart attacks
you may also like this video;