വിരമിക്കല്‍ പ്രായത്തില്‍ ഹൈക്കോടതി ഉത്തരവ് തിരുത്തി. ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട് തുറന്ന കോടതിയിൽ പറഞ്ഞ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി പുതിയ ഉത്തരവ് പുറത്തിറങ്ങി.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 56 വയസ് തികഞ്ഞതിനാൽ ഡിസംബർ 31ന് നിയമപരമായി വിരമിക്കേണ്ട ജോയിന്റ് രജിസ്ട്രാർ വിജയകുമാരി അമ്മയും ഡഫെദാർ പി പി സജീവ് കുമാറുമാണ് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് കോടതിയെ സമീപിച്ചത്. ശമ്പളവും ആനുകൂല്യവും പറ്റാതെ വിരമിക്കലിനു ശേഷവും സർവീസിൽ തുടരാമെന്ന് ചൊവ്വാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിട്ടാകും തുടർ സർവീസെന്ന് മാത്രമാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
രണ്ട് വ്യത്യസ്ത ബെഞ്ചുകൾ ഒരേ തരം ഹർജികൾ പരിഗണിച്ച് വ്യത്യസ്ത ഉത്തരവ് പുറപ്പെടുവിക്കുന്ന അസാധാരണ സാഹചര്യമായിരുന്നു ഈ കേസിലുണ്ടായത്. ജഡ്ജിമാരുടെ പരിഗണനാ വിഷയ പ്രകാരം ജസ്റ്റിസ് അനു ശിവരാമനാണ് പെൻഷൻ പ്രായം സംബന്ധിച്ച ഹര്‍ജികൾ പരിഗണിക്കേണ്ടത്.
ജസ്റ്റിസ് അനുവിന്റെ ബെഞ്ചിൽ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന മൂന്ന് ഹൈക്കോടതി ജീവനക്കാരുടെ അപേക്ഷ പരിഗണനയിലുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ഇ കെ കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് ജസ്റ്റിസ് അനുവിന്റെ ബെഞ്ചിലെ ഹർജിക്കാർ. സർക്കാരിന്റെ നിലപാട് തേടിയ ശേഷം പിന്നീട് പരിഗണിക്കാനായി ഈ ഹർജികൾ മാറ്റിവച്ചിരുന്നു.
English Summary: High Court Reverses Order: No Allowance to Continue After Retirement Age
You may also like this video