അരിക്കൊമ്പന്‍ വിഷയത്തില്‍ ‘ട്വന്റി-20 അസോസിയേഷൻ’ ചാരിറ്റബിൾ സൊസൈറ്റിയുടെ ചീഫ് കോഓർഡിനേറ്ററും ‘ട്വന്റി-20 പാർട്ടി’ പ്രസിഡന്റും കിറ്റെക്‌സ് ഗാർമെന്റ്‌സ് മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രൂക്ഷമായ വിമര്‍ശനത്തോടെയായിരുന്നു കോടതി സാബുവിന്റെ ഹര്‍ജി തള്ളിയത്. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്‌നാടിന്റെ അധികാരപരിധിയിലാണുള്ളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.
കേരള സർക്കാർ കടബാധ്യതയിലാണ്. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ആണെങ്കിൽ ബിസിനസിൽ മികച്ച് നിൽക്കുന്നു. തമിഴ്‌നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചെലവും സാബു വഹിക്കുമോയെന്ന് ആരാഞ്ഞു. സാബുവിന് മുഴുവൻ ചെലവും വഹിക്കാമല്ലോ? രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയല്ലേയെന്നും കോടതി പരിഹസിച്ചു.
പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. അരിക്കൊമ്പൻ ഹർജിയിൽ അതുണ്ടോ? ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു. ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ്‌നാട്ടിലെ വിഷയത്തിൽ എന്ത് കാര്യം? തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു.
ആനയെ പിടികൂടി ശാന്തനാക്കി വില്ലൈമലയിലെ ഉൾവനമേഖലയിലേക്ക് മാറ്റാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർജി.
ആനയെ ശാന്തമാക്കുന്നതിനും പിടിച്ചെടുക്കുന്നതിനും താൻ എതിരല്ലെങ്കിലും മൃഗത്തെ കൃത്രിമ അന്തരീക്ഷത്തിലേക്ക് മാറ്റുന്നതിനെയാണ് താൻ എതിർക്കുന്നതെന്നും സാബു ജേക്കബ് കോടതിയെ അറിയിച്ചു. ആനയുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കിക്കൊണ്ടുവേണം സ്ഥലംമാറ്റം നടത്തേണ്ടതുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. മാധ്യമ ദൃശ്യങ്ങളിൽ നിന്ന് ആനയുടെ തുമ്പിക്കൈക്ക് സാരമായ ക്ഷതമേറ്റിട്ടുണ്ടെന്നും കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ തളർച്ചയിലാണെന്നും വ്യക്തമാണെന്ന കാര്യവും സാബു ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2023 ഏപ്രിൽ 29നാണ് ചിന്നക്കനാലില്‍ നിന്ന് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയത്.
English Sumamry:
High Court’s criticism of Sabu M. Jacob in Arikomban issue; If the Tamil Nadu government is willing to relocate the elephant, will it also bear the cost?
You may also like this video: