Site iconSite icon Janayugom Online

അച്ഛനെ ആശുപത്രിയിലെത്തിച്ചത് വീണ് പരിക്കേറ്റെന്ന് പറഞ്ഞ്, ചോദ്യം ചെയ്യലിൽ കൊലപാതകമാണെന്ന് തെളിഞ്ഞു; മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ അച്ഛനെ കുത്തിക്കൊന്ന ശേഷം വീണു പരിക്കേറ്റതെന്ന് പറഞ്ഞു ആശുപത്രിയിൽ എത്തിച്ച മകൻ പിടിയിൽ.ചേപ്പാട് വലിയകുഴിയിൽ അരുൺ ഭവനത്തിൽ സോമൻ പിള്ള (62) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അരുൺ എസ് നായർ (29)നെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ അരുണും സോമൻ പിള്ളയുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി. കൂറേയേറെ സമയം കഴിഞ്ഞ് അരുൺ വീട്ടിലെത്തി ഭാര്യയോട് അച്ഛൻ പുറത്ത് വീണു കിടക്കുന്നതായി പറഞ്ഞു. തുടർന്ന് ഉടൻ തന്നെ സോമൻ പിള്ളയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വീണ് പരിക്കേറ്റതായാണ് പറഞ്ഞിരുന്നത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സോമൻപിള്ള മരിച്ചിരുന്നു. തുടർന്ന് അരുണിനേയും ഭാര്യയേയും അമ്മ പ്രസന്നകുമാരിയെയും പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചു.അരുണിന്റെ മൊഴിയിലെ വൈരുദ്യങ്ങൾ ശ്രദ്ധയിൽപെട്ട പൊലീസ് വിശദമായി ചോദ്യം ചെയ്യൽ നടത്തിയതിനെ തുടർന്നാണ് അരുൺ,സോമൻപിള്ളയുടെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായി സമ്മതിച്ചത്. ഇരുവരും വൈകിട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാൽ വീട്ടുകാർ സംഭവം ശ്രദ്ധിച്ചിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ. രാജൻപിള്ളയുടെ മകൾ അരുന്ധതി. 

Exit mobile version