Site icon Janayugom Online

ചരിത്രം വഴിമാറി: എറണാകുളം എസ്ആർവി യുപി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം

കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള എറണാകുളം എസ്ആർവി യുപി സ്കൂളിൽ ചരിത്രം വഴിമാറി. ആൺകുട്ടികൾ മാത്രം പഠിച്ചിറങ്ങിയിട്ടുള്ള വിദ്യാലയത്തിലേക്ക് ഇനി പെൺകുട്ടികൾക്കും പ്രവേശനം. ചരിത്രത്തിന്റെ ഭാഗമാകാൻ ആറാം ക്ലാസ്സിൽ അസ്‌ലഹ ഫർഹാത്ത് ഇന്നലെ പ്രവേശനം നേടി.
ഒരു പൈതൃക സ്മാരകം കൂടിയാണ് ഈ സ്കൂൾ. 1845ൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അധ്യാപകനാക്കി “കൊച്ചിൻ രാജാസ് സ്കൂൾ” എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് എസ്ആർവി സ്കൂൾ സ്ഥാപിതമായത്. നാളിതുവരെ ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്കൂളിൽ ഈ അധ്യയന വർഷം മുതലാണ് പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സ്കൂളിൽ ലഭിച്ചത്. 

1868ല്‍ സ്കൂളിന്റെ പേര് “എച്ച്എച്ച്ദി രാജാസ് സ്കൂൾ” എന്ന് മാറി. അതേ വര്‍ഷം ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. 1870ൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. പിന്നീട് 1875ൽ സ്കൂൾ സെക്കന്റ് ഗ്രേഡ് കോളജായി ഉയർത്തി മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എണ്ണം ഏറിയപ്പോൾ സ്കൂൾ വിഭാഗം കോളജ് വളപ്പിൽ നിന്ന് മാറ്റേണ്ടത് ആവശ്യമായി വന്നു.
കാരയ്ക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ല്‍ ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജാക്കന്മാർ തുടങ്ങിയ സ്കൂളുകളും കോളജുകളും പുതിയ സർക്കാർ നിയന്ത്രണത്തിന് കീഴിലായി. 

തുടക്കം മുതൽ ആൺകുട്ടികളുടെ വിദ്യാലയം എന്ന അറിയപ്പെട്ടിരുന്ന സ്കൂളിൽ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗങ്ങളിൽ ഏതാനും വർഷം മുമ്പ് മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. ഇതേതുടർന്ന് 2016 മുതൽ യുപി സ്കൂളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പിടിഎയും വിദ്യാഭ്യാസ വകുപ്പിപ്പുമായി കത്തിടപാടുകൾ നടത്തിവരികയായിരുന്നു. 

Eng­lish Summary:History has changed: Admis­sion to Ernaku­lam SRV UP School for girls too
You may also like this video

Exit mobile version