രാജ്യത്ത് വീണ്ടും എച്ച്‌എംപിവി സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.
എന്നാല്‍ എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധയാണിത്. എല്ലാ വർഷവും ഇതുണ്ടാകാറുണ്ടെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പൊതുവെ വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.