തമിഴ്നാട്ടില്‍ അച്ഛന്‍ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരിലാണ് അരുംകൊല. തമിഴ്നാട് കടലൂരിലാണ് സംഭവം. 27കാരിയായ അബിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വച്ച് പിതാവ് അര്‍ജുനനും മകളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും രോഷാകുലനായ അര്‍ജുനന്‍ മകളെ കൊല്പപെടുത്തുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊല നടത്തിയ ശേഷം ഇയാള്‍ അടുത്തുള്ള ബാറില്‍ പോയി മദ്യപിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു.
അബിത സ്കൂള്‍ ടീച്ചറായിരുന്നു. ദളിത് യുവാവുമായി പ്രണയത്തിലായിരുന്നതിനാല്‍ യുവതി വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകള്‍ക്കൊന്നും സമ്മതിച്ചിരുന്നില്ല. അര്‍ജുനന്‍ ബന്ധത്തെ എതിര്‍ത്തിട്ടും അബിത തന്റെ പ്രണയം തുടരുകയായിരുന്നു. ഇതില്‍ പ്രേകാപിതനായ അര്‍ജുനന്‍ വ്യാഴാഴ്ച വീട്ടിലെത്തി മകളുമായി വാക്ക് തര്‍ക്കത്തിലാകുകയായിരുന്നു.
സംഭവത്തില്‍ കാട്ടുമണ്ണാര്‍കോയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

