Site icon Janayugom Online

ഇന്ത്യയിൽ മനുഷ്യാവകാശം അപകടത്തിലെന്ന് മുൻ ഉപരാഷ്ട്രപതി

ഇന്ത്യയിലെ സമകാലിക മനുഷ്യാവകാശ സ്ഥിതിയിൽ മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയുൾപ്പെടെ പ്രമുഖ നിയമനിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ അമേരിക്കൻ മുസ്‍ലിം കൗൺസിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിച്ച നേതാക്കളാണ് ഇങ്ങനെ പ്രതികരിച്ചത്. നിലവിലെ ഭരണകൂടം ന്യൂനപക്ഷ വിശ്വാസങ്ങളെ ലക്ഷ്യം വയ്ക്കുമ്പോൾ, അത് വിവേചനത്തിനും അക്രമത്തിനും വേരൂന്നാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓൺലൈൻ വിദ്വേഷ പ്രസംഗങ്ങൾ, നശിപ്പിക്കപ്പെട്ട പള്ളികൾ, വർഗീയ അക്രമങ്ങൾ തുടങ്ങിയ വിദ്വേഷപ്രവൃത്തികളിൽ വർധനവ് കാണുന്നു- അമേരിക്കൻ സെനറ്റർ എഡ് മാർക്കി പറഞ്ഞു. മൻമോഹൻ സിങ് ഭരണകാലത്തെ ഇന്ത്യ‑യുഎസ് സിവിൽ ആണവ കരാറിനെതിരെ നിലപാടു സ്വീകരിച്ച ഡെമോക്രാറ്റിക് സെനറ്ററാണ് എഡ് മാർക്കി. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും പരസ്പരം അസഹിഷ്ണുത പ്രകടിപ്പിക്കാനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും പ്രോത്സാഹിപ്പിക്കാനും പുതിയൊരു സംസ്കാരം രൂപപ്പെട്ടുവരുന്നത് അപകടകരമാണെന്ന് വിർച്വൽ ചർച്ചയിൽ പങ്കെടുത്ത മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരി പറഞ്ഞു. ഇന്ത്യയിലെ മതപരമായ സ്വേച്ഛാധിപത്യത്തിന്റെയും വിവേചനത്തിന്റെയും അവസ്ഥമൂലം സമൂഹത്തില്‍ ധാരാളം പ്രശ്നങ്ങളുണ്ട് അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ജാമി റാസ്കിൻ പറഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പിന്നാക്കാവസ്ഥയിലും മനുഷ്യാവകാശങ്ങൾ ആക്രമിക്കപ്പെടുന്ന മത ദേശീയതയിലുമാണുള്ളത്. 2014 മുതൽ, ജനാധിപത്യ സൂചികയിൽ ഇന്ത്യ 27 ൽ നിന്ന് 53‑ലേക്ക് താഴ്‌ന്നുവെന്ന് ആൻഡി ലെവിൻ എന്ന യുഎസ് കോൺഗ്രസ് അംഗം പറഞ്ഞു. യുഎസ് പ്രതിനിധി സഭയിലെ ടോം ലാന്റോസ് മനുഷ്യാവകാശ കമ്മിഷൻ കോ-ചെയർ മക്ഗവേൺ മനുഷ്യാവകാശങ്ങളിൽ ഇന്ത്യയുടെ പിന്മാറ്റം കാണിക്കുന്നത് അപകടകരമായ മുന്നറിയിപ്പാണെന്ന് സൂചിപ്പിച്ചു.

Eng­lish sum­ma­ry :For­mer Vice Pres­i­dent says human rights in India are in danger

you may also like this video

Exit mobile version